കള്ളപ്പണം വെളുപ്പിക്കല്‍: നിരവധി പേയ്‌മെന്റ് ബാങ്കുകള്‍ ആര്‍ബിഐ നിരീക്ഷണത്തില്‍

  • പേടിഎമ്മിനു പിന്നാലെ നിരവധി പേയ്‌മെന്റുകളെ നിരീക്ഷിക്കാന്‍ ആര്‍ബിഐ
  • പല പേയ്‌മെന്റ് ബാങ്കുകളും കള്ളപ്പണം വെളുപ്പിച്ചെന്ന് സംശയം
  • ഫെബ്രുവരി 29 ന് ശേഷം ഇടപാടുകള്‍ നടത്തുന്നതിനു പേടിഎമ്മിന് നിയന്ത്രണമേര്‍പ്പെടുത്തി

Update: 2024-02-16 07:19 GMT

പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരായ നടപടിക്കു ശേഷം, കൂടുതല്‍ പേയ്‌മെന്റ് ബാങ്കുകളെ നിരീക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനിച്ചു. കെ-വൈ-സി നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്നാണ് പ്രധാനമായും ആര്‍ബിഐ പരിശോധിക്കുക.

കെ-വൈ-സി രേഖകള്‍ ഇല്ലാത്ത 50,000 ബാങ്ക് അക്കൗണ്ടുകള്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) കണ്ടെത്തി. ഇത് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിട്ടാണെന്നു സംശയിക്കുന്നുണ്ട്.

ഇതില്‍ 30,000 അക്കൗണ്ടുകളും പേടിഎം പേയ്‌മെന്റ് ബാങ്കുമായിട്ടാണു ബന്ധിപ്പിച്ചിരിക്കുന്നതും. ശേഷിക്കുന്ന 20,000 അക്കൗണ്ടുകളെ കുറിച്ചു കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാര്‍ച്ച് 31നകം ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആര്‍ബിഐക്ക് സമര്‍പ്പിക്കാന്‍ എഫ്‌ഐയുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കെ-വൈ-സി രേഖകളിലെ പൊരുത്തക്കേടുകള്‍, ഒരു പാന്‍ നമ്പര്‍ ഉപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്തത്, സംശയാസ്പദമായ ഇടപാടുകള്‍ എന്നിവയാണു പേയ്‌മെന്റ് ബാങ്കുകളെ നിരീക്ഷിക്കാന്‍ ഇപ്പോള്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ നടപടി നേരിടുന്ന പേടിഎമ്മിനെ കുറിച്ച് എഫ്‌ഐയു നാല് മാസം മുമ്പ് തന്നെ ആര്‍ബിഐക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കെ-വൈ-സി പാലിക്കാത്തത് മാത്രമല്ല, മറ്റ് ലംഘനങ്ങളും ക്രമക്കേടുകളും പേടിഎം നടത്തിയതായി കണ്ടെത്തി. ഇതാണ് ഇപ്പോള്‍ മറ്റ് പേയ്‌മെന്റ് ബാങ്കുകളെ കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Tags:    

Similar News