ഈ വര്‍ഷം ജൂണ്‍വരെ പൗരത്വം ഉപേക്ഷിച്ചത് 87,026 ഇന്ത്യക്കാര്‍
- 2011മുതല്‍ 17.50 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
- പകര്‍ച്ചവ്യാധിക്കാലത്തുമാത്രമാണ് കുടിയേറ്റത്തില്‍ കുറവുണ്ടായത്
- ഇന്ത്യന്‍ പൗരന്മാര്‍ ആഗോള തൊഴിലിടങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിന്റെ മാറ്റം
ഉപരിപഠനത്തിനായി കേരളത്തില്‍നിന്നും പുറത്തുപോകുന്നവരുടെ സംഖ്യ ക്രമാനുഗതമായി ഉയരുന്നതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ സമീപകാലത്താണ് മാധ്യമങ്ങളില്‍ ഇടം നേടിയത്. പിന്നാലെ സംസ്ഥാനം ഉപേക്ഷിക്കുന്നവരുടെ സംഖ്യയില്‍ വര്‍ധനവ് ഉണ്ടാകുന്നതായുള്ള കണക്കുകള്‍ പലരും മുന്നോട്ടുവെക്കുകയും ചെയ്തു. ഇപ്പോള്‍ രാജ്യം ഉപേക്ഷിച്ച് വിദേശങ്ങളിലേക്ക് കുടിയേറിയവരുടെ കണക്കുകളും പുറത്തുവന്നിരിക്കുന്നു.
ഈ വര്‍ഷം ജൂണ്‍ വരെ 87,026 ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വെളിപ്പെടുത്തി. ഇതുകൂടാതെ 2011 മുതല്‍ 17.50 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായും എസ് ജയശങ്കര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
2022-ല്‍ 2,25,620 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. 2021-ല്‍ ഇത് 1,63,370ഉം, 2020-ല്‍ വിദേശപൗരത്വം സ്വീകരിച്ചവര്‍ 85,256 പേരാണ്. കൊറോണക്കാലമായിരുന്നതിനാലാണ് രാജ്യം വിടുന്നവരുടെ സംഖ്യയില്‍ നേരിയ കുറവ് ഉണ്ടായത്. ഉപരിപഠനത്തിനുപോകുന്നവര്‍ മികച്ച ജോലി ലഭിച്ചുകഴിയുമ്പോള്‍ ആ രാജ്യത്ത് തന്നെ സെറ്റില്‍ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ കുടുംബമായി വിവിധ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും വര്‍ധിച്ചുവരികയാണ്.
2019ല്‍ 1,44,017 പേരും 2018ല്‍ 1,34,5318 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യമന്ത്രി ലോക്‌സഭയെ അറിയിച്ചു. 2011 നുശേഷം കൊറോണ പകര്‍ച്ചവ്യാധിക്കാലത്തൊഴികെ എല്ലാവര്‍ഷവും ഒരലക്ഷത്തിലധികം പേര്‍ പൗരത്വം ഉപേക്ഷിച്ചതായി കണക്കുകള്‍ പറയുന്നു. ഈ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വര്‍ഷാവസാനമാകുമ്പോള്‍ ഏറ്റവുമുയര്‍ന്ന കണക്കുകളിലേക്ക് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു.
വലിയൊരു വിഭാഗം ഇന്ത്യന്‍ പൗരന്മാര്‍ ആഗോള തൊഴിലിടങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നുണ്ടെന്ന വസ്തുത അദ്ദേഹം ഊന്നിപ്പറഞ്ഞു. പഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരില്‍ പലരും വ്യക്തിപരമായ സൗകര്യാര്‍ത്ഥം വിദേശ പൗരത്വം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.
വിദേശത്തുള്ള ഇന്ത്യന്‍ സമൂഹം രാജ്യത്തിന്റെ സമ്പത്താണെന്നും എസ് ജയശങ്കര്‍ ഊന്നിപ്പറഞ്ഞു. പ്രവാസികളുമായുള്ള ഇടപെടലില്‍ സര്‍ക്കാര്‍ പരിവര്‍ത്തനപരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വിജയകരവും സമൃദ്ധവും സ്വാധീനമുള്ളതുമായ ഒരു പ്രവാസി ഇന്ത്യക്ക് ഒരു നേട്ടമാണ്, ഞങ്ങളുടെ സമീപനം ഡയസ്പോറ നെറ്റ്വര്‍ക്കുകള്‍ പ്രയോജനപ്പെടുത്തുകയും അതിന്റെ പ്രശസ്തി ദേശീയ നേട്ടത്തിനായി ഉപയോഗിക്കുകയുമാണ്,' ജയശങ്കര്‍ പറഞ്ഞു.
