സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 9 ലക്ഷത്തിലേറെ വാഹനങ്ങള്‍ പൊളിക്കും: ഏപ്രില്‍ 1ന് ആരംഭമെന്ന് ഗഡ്ക്കരി

സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ഉടമസ്ഥതയില്‍ ഉള്ളത് ഉള്‍പ്പെടെയുള്ള, പഴയ ബസുകളും പൊളിക്കും.

Update: 2023-01-31 05:48 GMT

ഡെല്‍ഹി: രാജ്യത്തെ പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള 9 ലക്ഷത്തിലധികം വാഹനങ്ങള്‍ ഇത്തരത്തില്‍ പൊളിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളാണ് ഇത്തരത്തില്‍ പൊളിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ വാഹനങ്ങള്‍ പൊളിക്കാന്‍ തുടങ്ങും. ഇത്തരത്തില്‍ പൊളിച്ചു നീക്കുന്ന വാഹനങ്ങള്‍ക്ക് പകരമായി പുതിയത് ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

മലീനികരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ഉടമസ്ഥതയില്‍ ഉള്ളത് ഉള്‍പ്പെടെയുള്ള, പഴയ ബസുകളും പൊളിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങളും പൊളിക്കല്‍ നയത്തിന്റെ പരിധിയില്‍ വരും.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം അനുസരിച്ച് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിനു ശേഷവും, വാണിജ്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തിനു ശേഷവും ഫിറ്റ്നെസ് ടെസ്റ്റ് നടത്തണം. ടെസ്റ്റ് പാസാവുന്നവയ്ക്കു മാത്രമാവും രജിസ്ട്രേഷന്‍ പുതുക്കി നല്‍കുക. പാസാകാത്ത വാഹനങ്ങള്‍ പൊളിക്കേണ്ടി വരും. പഴയ വാഹനം പൊളിച്ച ശേഷമാണ് പുതിയത് വാങ്ങുന്നതെങ്കില്‍ റോഡ് നികുതി തുകയില്‍ 25 ശതമാനത്തിന്റെ കിഴിവ് നേടാമെന്നും സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

Tags:    

Similar News