ഏറ്റവും മലിനമായ വായു; ടോപ് 10 പട്ടികയില്‍ ഈ 3 ഇന്ത്യന്‍‌ നഗരങ്ങള്‍

  • പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ തലസ്ഥാനമായ ഡെല്‍ഹി
  • വെടിമരുന്നുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടു

Update: 2023-11-13 08:24 GMT

ലോകത്തിലെ ഏറ്റവും കൂടുതല്‍ വായു മലിനീകരണം ഉള്ള  10 നഗരങ്ങളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ നഗരങ്ങളും. സ്വിസ് ഗ്രൂപ്പായ ഐക്യുഎയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ദീപാവലിക്ക് പിന്നാലെ ഇന്ത്യന്‍ ന ഗരങ്ങളിലെ വായു ഗുണനിലവാരം മോശമായതായി വ്യക്തമാക്കുന്നത്. ആഗോള തലത്തില്‍ തന്നെ വായുമലിനീകരണത്തിന്‍റെ കാര്യത്തില്‍ ഡെല്‍ഹി ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.  ഡൽഹിയിലെ വായു ഗുണനിലവാരം 430 ആണ്. ദീപാവലി ആഘോഷത്തില്‍ പടക്കങ്ങളും മറ്റ് വെടിമരുന്നുകളും ഉപയോഗിക്കുന്നതില്‍ ഡെല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വ്യാപകമായി ഇത് ലംഘിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഐക്യുഎയര്‍ റിപ്പോര്‍ട്ട് പ്രകാരം, കൊൽക്കത്ത നഗരം ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ്. കൊല്‍ക്കത്തയുടെ വായു ഗുണനിലവാര സൂചിക 196 ആണ്. ആഗോള പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള മുംബൈയാണ് ഇന്ത്യന്‍ നഗരങ്ങളില്‍ മൂന്നാം സ്ഥാനത്ത്. 156 ആണ് മുംബൈയുടെ ഗുണനിലവാര സൂചിക. ദീപാവലി ദിനത്തില്‍ രാത്രി 7 മുതല്‍ 10 വരെ മാത്രം പടക്കം പൊട്ടിക്കാനുള്ള അനുമതി മാത്രമാണ് നല്‍കിയിരുന്നത്. ഇതും കാര്യമായി പാലിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പടക്കങ്ങളുടെയും വെടിമരുന്നുകളുടെയും ഉപയോഗം എല്ലാ സംസ്ഥാനങ്ങളും നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 

നിലവിലെ സാഹചര്യത്തില്‍ കര്‍ക്കശമായ നടപടികളിലൂടെയും നിയന്ത്രണങ്ങളിലൂടെയും മാത്രമേ വായു ഗുണ നിലവാരം ഉയര്‍ത്താനാകൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മലിനീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളാണെന്നും ഐക്യുഎയറിന്‍റെ പട്ടിക വ്യക്തമാക്കുന്നുണ്ട്. ലാഹോർ -384, ബാഗ്ദാദ് -202,  കറാച്ചി -182, ധാക്ക -172 ,  കുവൈറ്റ് സിറ്റി -170 , ദോഹ -158, ജക്കാർത്ത -151 എന്നിങ്ങനെയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് നഗരങ്ങളുടെ വായു  ഗുണ നിലവാരം കണക്കാക്കുന്നത്. 

Tags:    

Similar News