സംസ്ഥാന ഭരണം ഇനി 1 മാസം ഈ ബസില്‍; നവകേരള സദസ് നാളെ മുതല്‍
ഈ ബസിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളും സന്ദര്‍ശിക്കുന്നത്
സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമാകാന്‍ പോകുന്നത് ഒരു ബസ്സായിരിക്കും.
ഈ ബസിലിരുന്നായിരിക്കും നയപരമായ, ഭരണപരമായ തീരുമാനങ്ങളെടുക്കുന്നത്. ബയോ ടോയ്‌ലെറ്റും, വിശ്രമ മുറിയുമൊക്കെയുള്ള വിശാല സൗകര്യമുള്ളതാണ് ബസ്. നാളെ (നവംബര്‍ 18) ആരംഭിക്കുന്ന നവകേരള സദസിന്റെ ഭാഗമായിട്ടാണ് എല്ലാവിധ സൗകര്യമുള്ള ബസ് തയാറാക്കിയത്.
പൊതുജനങ്ങളുമായി സംവദിക്കുന്ന പരിപാടിയാണ് നവകേരള സദസ്. പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഈ ബസില്‍ കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളും സന്ദര്‍ശിക്കും.
ഒരു മണ്ഡലത്തില്‍ പരമാവധി ഒന്നര മണിക്കൂറായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളുമായി സംവദിക്കുന്നത്.
നവകേരള സദസില്‍നിന്ന് ലഭിക്കുന്ന പരാതികളിലും നിവേദനങ്ങളിലും തീര്‍പ്പുണ്ടാക്കുന്നത് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥരായിരിക്കും.
നവകേരള സദസില്‍ എല്ലാ മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്നതിനാല്‍ സെക്രട്ടേറിയറ്റ് ഓഫീസില്‍ നിന്നും ഒരു മാസം എല്ലാ മന്ത്രിമാരും വിട്ടുനില്‍ക്കും. ഒരു മാസത്തിനിടെ അഞ്ചു മന്ത്രിസഭാ യോഗങ്ങളും സെക്രട്ടേറിയറ്റിനു പുറത്തു ചേരും. നവംബര്‍ 22ന് കണ്ണൂര്‍, 28ന് മലപ്പുറം വള്ളിക്കുന്ന, ഡിസംബര്‍ 6ന് തൃശൂര്‍, 12 ഇടുക്കി പീരുമേട്, 20 കൊല്ലം എന്നിവിടങ്ങളില്‍ വച്ചായിരിക്കും മന്ത്രിസഭാ യോഗങ്ങള്‍.
നവംബര്‍ 18ന് കാസര്‍കോട് നിന്ന് ആരംഭിച്ച് ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് അവസാനിക്കുന്നതാണു നവകേരള സദസ്.
