പഹല്‍ഗാം; സിസിഎസ് യോഗം നാളെ

  • സിസിഎസ് സാമ്പത്തിക മന്ത്രിസഭാ സമിതിയുടെ യോഗത്തിനു ശേഷം
  • യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും

Update: 2025-04-29 09:19 GMT

സുരക്ഷ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതിയോഗം (സിസിഎസ്) നാളെ. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ അധ്യക്ഷത വഹിക്കും. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം നടക്കുന്ന സമിതിയുടെ രണ്ടാം യോഗമാണിത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരാണ് സിസിഎസിലെ മറ്റ് അംഗങ്ങള്‍.

പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് രാവിലെ 11 മണിക്ക് യോഗം നടക്കുക. അതിര്‍ത്തി കടന്നുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ചില യൂട്യൂബ് ചാനലുകളും എക്‌സ് ഹാന്‍ഡിലുകളും സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടെ യോഗത്തിന് ശേഷമായിരിക്കും സിസിഎസ് യോഗം നടക്കുക. രാവിലെ മന്ത്രിസഭാ യോഗവും നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബൈസരന്‍ താഴ്വരയില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് ശേഷം ഏപ്രില്‍ 23 നാണ് ആദ്യ സിസിഎംസ് യോഗം നടന്നത്. യോഗത്തില്‍ സിന്ധുനദീജലം പാക്കിസ്ഥാന് നല്‍കുന്നത് അവസാനിപ്പിക്കുന്നതടക്കം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. ഇസ്ലാമാബാദുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തുകയും പാക് പൗരന്‍മാര്‍ക്കുള്ള വിസ റദ്ദാക്കുകയും ചെയ്തു. അതിനാല്‍ ഈ സിസിഎസ് യോഗത്തിലും നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സാധ്യത ഏറെയാണ്.

അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) തുടര്‍ച്ചയായ അഞ്ചാം രാത്രിയും പാകക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു ജില്ലയിലെ അഖ്നൂര്‍ സെക്ടറിലേക്കും ലംഘനങ്ങള്‍ വ്യാപിപ്പിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. 

Tags:    

Similar News