പ്രധാനമന്ത്രിയുടെ ദീപാവലിയാഘോഷം ഐഎന്‍എസ് വിക്രാന്തില്‍
സേനയോടൊപ്പമുള്ള ആഘോഷം അഭിമാനത്തിന്റെയും സംതൃപ്തിയുടെയും നിമിഷമെന്ന് പ്രധാനമന്ത്രി
ഉത്സവാഘോഷങ്ങള്‍ സായുധസേനയോടൊപ്പമാക്കുന്ന പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവ തീരത്ത് ഐഎന്‍എസ് വിക്രാന്തിലുള്ള ഇന്ത്യന്‍ നാവികസേനാംഗങ്ങള്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.
വിക്രാന്തില്‍ ദീപാവലി ആഘോഷിക്കുന്നത് അഭിമാനത്തിന്റെയും സംതൃപ്തിയുടെയും നിമിഷമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 'കടലിലെ ആഴമേറിയ രാത്രിയും സമുദ്രത്തിന് മുകളിലുള്ള സൂര്യോദയവും എന്റെ ദീപാവലിയെ ശരിക്കും സവിശേഷമാക്കി. ഈ ഉത്സവത്തില്‍, എല്ലാവരും അവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എപ്പോഴും എന്റെ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ വരുന്നു; നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്,' മോദി പറഞ്ഞു.
ഇന്ത്യന്‍ നാവികസേനയുടെ നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി, ഐഎന്‍എസ് വിക്രാന്ത് '21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ആത്മാവിനെ' പ്രതിനിധീകരിക്കുന്നുവെന്ന് പറഞ്ഞു.
കഴിഞ്ഞ ദശകത്തില്‍ പ്രതിരോധ ഉത്പാദനം മൂന്നിരട്ടിയായി വര്‍ദ്ധിച്ചുവെന്നും, ഓരോ 40 ദിവസത്തിലും രാജ്യം ഒരു പുതിയ കപ്പലോ അന്തര്‍വാഹിനിയോ കൂട്ടിച്ചേര്‍ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുക മാത്രമല്ല, പ്രതിരോധ ഉപകരണങ്ങളുടെ ആഗോള കയറ്റുമതിക്കാരനായി നാം മാറുകയും ചെയ്യുന്നു.ബ്രഹ്‌മോസ് മിസൈല്‍ മുതല്‍ നാവിക കപ്പലുകള്‍ വരെ, ഇന്ന് ലോകം ഇന്ത്യയെ ഒരു വിശ്വസ്ത പ്രതിരോധ പങ്കാളിയായി കാണുന്നു.'
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കാവല്‍ക്കാരനായി പ്രവര്‍ത്തിക്കുന്ന നാവികസേനയെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. ശ്രീലങ്ക, ഇന്തോനേഷ്യ, മ്യാന്‍മര്‍, മഡഗാസ്‌കര്‍ എന്നിവിടങ്ങളിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ നാവികസേന സഹായം നല്‍കിയിട്ടുണ്ടെന്നും മാലിദ്വീപിലേക്ക് ശുദ്ധമായ കുടിവെള്ളം പോലും എത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
