അംബാനിയെ ഭീഷണിപ്പെടുത്തിയത് 19 കാരന്‍; തെലങ്കാനയില്‍നിന്ന് കൈയ്യോടെ പിടികൂടി പൊലീസ്‌

മുകേഷ് അംബാനിയുടെ സുരക്ഷാ ജീവനക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു

Update: 2023-11-04 10:29 GMT

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഇമെയ്‌ലിലൂടെ വധഭീഷണി മുഴക്കിയ ആളെ പൊലീസ് പിടികൂടി.

തെലങ്കാനയിലുള്ള ഗണേഷ് രമേശ് വന്‍പര്‍ധ് എന്ന് പേരുള്ള 19-കാരനാണു കഴിഞ്ഞ ദിവസങ്ങളില്‍ മുകേഷ് അംബാനിക്ക് ഭീഷണി കത്ത് അയച്ചതെന്നു പൊലീസ് പറഞ്ഞു.

ഒക്ടോബര്‍ 31, നവംബര്‍ 1 തീയതികളിലാണ് അംബാനിയുടെ ഇമെയ്‌ലിലേക്ക് ഭീഷണി കത്ത് അയച്ചത്. ആദ്യം 20 കോടി രൂപയും പിന്നീട് 200 കോടി രൂപയും നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു കത്തയച്ചത്. അതിനു ശേഷം 400 കോടി രൂപ നല്‍കിയില്ലെങ്കില്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി മൂന്നാമതും സന്ദേശം അയച്ചു.

ഇതേ തുടര്‍ന്നു മുകേഷ് അംബാനിയുടെ സുരക്ഷാ ജീവനക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടു.

കഴിഞ്ഞ കുറേ മാസങ്ങളായി അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും ഇയാള്‍ ഒന്നിലധികം തവണ ഭീഷണി കത്ത് അയച്ചിരുന്നതായി കണ്ടെത്തിയെന്നു പൊലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നവംബര്‍ 8 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഭീഷണിപ്പെടുത്തി കൊണ്ട് മൂന്ന് ഇമെയ്‌ലുകള്‍ അംബാനിക്ക് ലഭിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് മാഗ്‌നെറ്റായ മുകേഷ് അംബാനിയുടെ സുരക്ഷയെ ചുറ്റിപ്പറ്റിയുള്ള ആശങ്ക ഉയരാനും കാരണമായി.

കേന്ദ്ര സര്‍ക്കാരിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണു മുകേഷ് അംബാനി.

ഇതിനു പുറമെ സ്വകാര്യ സുരക്ഷാ അംഗങ്ങളും അംബാനിക്ക് സുരക്ഷ തീര്‍ക്കുന്നുണ്ട്.

Tags:    

Similar News