പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി
ഭീകരതയെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച ഇന്ത്യയ്ക്കൊപ്പം നിന്ന രാജ്യങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ബ്രസീലില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഹല്‍ഗാമില്‍ നടന്ന പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക്കിസ്ഥാനിലെ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍, വ്യോമതാവളങ്ങള്‍, വിമാന വിരുദ്ധ മിസൈല്‍ സംവിധാനങ്ങള്‍ തുടങ്ങിയ സൈനിക ലക്ഷ്യങ്ങള്‍ എന്നിവ തകര്‍ക്കുകയും ചെയ്തു.
ഇന്ത്യ ഭീകരതയുടെ ഇരയാണെന്നും പാക്കിസ്ഥാന്‍ ഭീകരതയെ പിന്തുണയ്ക്കുന്നവരാണെന്നും മോദി പിശദീകരിച്ചു. അതിനാല്‍ ഇരകളെയും പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസില്‍ തൂക്കിനോക്കാനാവില്ലെന്നും ബ്രിക്സ് ഉച്ചകോടിയില്‍ ലോക നേതാക്കളോട് പ്രധാനമന്ത്രി മോദി പറഞ്ഞു.
വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങള്‍ക്കായി ഭീകരത പടര്‍ത്തുന്നതിനെതിരെ ഒന്നും ചെയ്യാതിരിക്കുന്നവരെ അദ്ദേഹം പരാമര്‍ശിച്ചു. തീവ്രവാദികള്‍ക്ക് നിശബ്ദ സമ്മതം നല്‍കുന്നത് അംഗീകരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വന്തം മണ്ണില്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നതിലൂടെ പാക്കിസ്ഥാന്‍ ഭീകരതയെ ഒരു ദേശീയ നയമായി എങ്ങനെ ഉപയോഗിക്കുന്നുവെന്ന് വ്യക്തമായ തെളിവുകളോടെ ഇന്ത്യ വീണ്ടും തെളിയിച്ചു.
2026-ല്‍ ഇന്ത്യ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഇന്ത്യക്കൊപ്പമെന്ന് പ്രഖ്യാപിച്ചു. എങ്കിലും പ്രഖ്യാപനത്തില്‍ പാക്കിസ്ഥാന്റെ പേരെടുത്ത് പറഞ്ഞിരുന്നില്ല.
'ഏപ്രില്‍ 22 ന് ജമ്മു കശ്മീരില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. അതിര്‍ത്തി കടന്നുള്ള തീവ്രവാദികളുടെ നീക്കം, തീവ്രവാദ ധനസഹായം, സുരക്ഷിത താവളങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെയും നേരിടാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു,' പ്രഖ്യാപനം പറയുന്നു.
