88 ശതമാനം പ്രഫഷണലുകളും പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരെന്ന് ലിങ്ക്ഡിന്‍
- ജനുവരി 17 ന് പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ലിങ്ക്ഡിന്‍ ഇക്കാര്യം അറിയിച്ചത്
- 72 ശതമാനം പ്രാഫഷണലുകളും വീഡിയോ, ഡിജിറ്റല്‍ റെസ്യൂമുകള്‍ പോലുള്ള പുതിയ ഫോര്‍മാറ്റുകള്‍ പരീക്ഷിക്കുന്നത് വര്‍ധിച്ചതായും ലിങ്ക്ഡിന്‍ റിപ്പോര്‍ട്ട്
- ലിങ്ക്ഡിന്‍ പ്ലാറ്റ്‌ഫോമില്‍ തൊഴിലിനു വേണ്ടിയുള്ള തിരയല്‍ 9 ശതമാനം വര്‍ധിച്ചു
ഇന്ത്യയിലെ 88 ശതമാനം വരുന്ന പ്രഫഷണലുകളും 2024-ല്‍ ഒരു പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് പ്രഫഷണല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡിന്‍.
ജനുവരി 17 ന് പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ലിങ്ക്ഡിന്‍ ഇക്കാര്യം അറിയിച്ചത്.
2022-നെ അപേക്ഷിച്ച് 2023-ല്‍ ലിങ്ക്ഡിന്‍ പ്ലാറ്റ്‌ഫോമില്‍ തൊഴിലിനു വേണ്ടിയുള്ള തിരയല്‍ 9 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
ഉയര്‍ന്ന വേതനം, ജോലിയും ജീവിതവും ബാലന്‍സ് ചെയ്ത് പോകാനുള്ള സൗകര്യം എന്നിവയാണ് പുതിയ ജോലി തേടാന്‍ പലരെയും പ്രേരിപ്പിക്കുന്ന ഘടകം.
ജോലി അന്വേഷിക്കുന്നവര്‍ ഭൂരിഭാഗവും പുതിയ കരിയര്‍ പാതകളിലൂടെ സഞ്ചരിക്കാന്‍ തയ്യാറാണ്. സര്‍വേയില്‍ പങ്കെടുത്ത പ്രഫഷണലുകളില്‍ ഏകദേശം 79 ശതമാനം പേരും നിലവില്‍ ഏര്‍പ്പെട്ടിരിക്കുന്ന മേഖലയ്ക്കു പുറത്തുള്ള തൊഴില്‍ അവസരങ്ങള്‍ തേടുകയാണെന്നു പറഞ്ഞു.
പല പ്രഫഷണലുകളും ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നുണ്ടെങ്കിലും ചില ജോലികള്‍ ചെയ്യാന്‍ ആവശ്യമായ കഴിവുകളില്‍ വരുന്ന മാറ്റവുമായി പൊരുത്തപ്പെടാന്‍ പലപ്പോഴും സാധിക്കാറില്ലെന്ന് അവര്‍ പറയുന്നു.
എഐയില്‍ സംഭവിക്കുന്ന പുരോഗതിയാണ് ഇതിന് പ്രധാന കാരണം.
ഏകദേശം 45 ശതമാനം പ്രഫഷണലുകളും അവരുടെ കഴിവുകള്‍ അവര്‍ ആഗ്രഹിക്കുന്ന ജോലിയുമായി എങ്ങനെ പൊരുത്തപ്പെടുത്തുമെന്ന് അറിവില്ലാത്തവരാണ്. ഇത് തൊഴില്‍ അന്വേഷണം കൂടുതല്‍ ദുഷ്‌കരമാക്കുന്നു. 72 ശതമാനം പ്രാഫഷണലുകളും അവരുടെ തൊഴില്‍ തിരയുന്ന രീതിയില്‍ മാറ്റം വരുത്തിയതായും വീഡിയോ, ഡിജിറ്റല്‍ റെസ്യൂമുകള്‍ പോലുള്ള പുതിയ ഫോര്‍മാറ്റുകള്‍ പരീക്ഷിക്കുന്നത് വര്‍ധിച്ചതായും ലിങ്ക്ഡിന്‍ റിപ്പോര്‍ട്ട് പറയുന്നു.
