പി വി ഗംഗാധരന്‍ അന്തരിച്ചു

Update: 2023-10-13 04:18 GMT

വ്യവസായിയും സിനിമാ നിര്‍മാതാവുമായിരുന്ന പി.വി. ഗംഗാധരന്‍ (൮൦) അന്തരിച്ചു. ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കാണാക്കിനാവ്, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് തുടങ്ങി ജനപ്രീതിയിലും കലാമൂല്യത്തിലും ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ നിര്‍മാതാവാണ് അദ്ദേഹം. ഇന്നു രാവിലെ കോഴിക്കോട് സ്വകാര്യ ആശുുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഇരുപതില്‍ അധികം ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. ശനിയാഴ്ച വൈകിട്ട് ആഴ്ചവട്ടത്തെ അദ്ദേഹത്തിന്‍റെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.

കെടിസി ഗ്രൂപ് സ്ഥാപകൻ പി.വി.സാമിയുടെയും മാധവി സാമിയുടെയും മകനായി ജനിച്ച അദ്ദേഹം സഹോദരന്‍ പി.വി. ചന്ദ്രനൊപ്പം കെടിസി ഗ്രൂപ്പിന്‍റെ വളര്‍ച്ചയിലും പ്രധാന പങ്കുവഹിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ നേതൃസ്ഥാനത്ത് മൂന്നു തവണ അദ്ദേഹം എത്തി. 

മലബാര്‍ എയര്‍പോര്‍ട്ട് കര്‍മസമിതിയുടെയും ട്രെയിന്‍ കര്‍മസമിതിയുടെയും ചെയര്‍മാനാണ്. മൂന്നുതവണ പാരീസ് കേന്ദ്രീകരിച്ചുള്ള ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, കേരളാ ഫിലിം ചേംബര്‍ പ്രസിഡന്റ്, ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പ്രധാന പദവികള്‍ വഹിച്ചിരുന്നു.

പി.വി.എസ്. ആശുപത്രി ഡയറക്ടര്‍, ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ഡയറക്ടര്‍, ശ്രീനാരായണ എജ്യുക്കേഷന്‍ സൊസൈറ്റി ഡയറക്ടര്‍, പി.വി.എസ്. നഴ്സിങ് സ്‌കൂള്‍ ഡയറക്ടര്‍, മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു അദ്ദേഹം. പന്തീരാങ്കാവ് എജുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ്, പി.വി.എസ്. കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഡയറക്ടര്‍, പിവി.എസ് ഹൈസ്‌കൂള്‍ ഡയറക്ടറുമാണ്. കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ സെനറ്റ് അംഗവുമായിരുന്നു 

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മുതല്‍ കോഴിക്കോട് ടൌണ്‍ഹാളില്‍ പൊതുദര്‍ശശനത്തിന് വെക്കും.

Tags:    

Similar News