പിവിആര്‍ തിയറ്ററുകളില്‍ മലയാള സിനിമകളുടെ പ്രദര്‍ശനമില്ല; വിഷു ചിത്രങ്ങള്‍ക്ക് തിരിച്ചടി

  • കേരളത്തിലെ 44 സിനിമാ പ്രദര്‍ശനശാലകളിലും മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല
  • കൊച്ചിയില്‍ ലുലു മാള്‍, ഒബ്‌റോണ്‍ മാള്‍, ഫോറം മാള്‍ ഉള്‍പ്പെടെ 22 സ്‌ക്രീനുകളുണ്ട് പിവിആറിന്
  • ഫോറം മാളിലെ 9 സ്‌ക്രീനുകളില്‍ ഏപ്രില്‍ 10 ബുധനാഴ്ചയാണ് പ്രവര്‍ത്തനം ആരംഭിച്ചത്

Update: 2024-04-12 07:14 GMT

പ്രമുഖ തിയറ്റര്‍ ശൃംഖലയായ പിവിആര്‍-ഐനോക്‌സില്‍ മലയാള സിനിമകള്‍ പ്രദര്‍ശനം നിര്‍ത്തി.

കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച കൊച്ചിയിലെ ഫോറം മാള്‍ ഉള്‍പ്പെടെ പിവിആര്‍-ഐനോക്‌സ് സ്‌ക്രീന്‍ ഉള്ള കേരളത്തിലെ 44 സിനിമാ പ്രദര്‍ശനശാലകളിലും മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല.

വിഷു റിലീസായി എത്തിയ ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ജയ് ഗണേശ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണിത്.

ക്യുബ്, യുഎഫ്ഒ, സോണി തുടങ്ങിയ സേവന ദാതാക്കള്‍ സിനിമാ പ്രൊഡ്യൂസര്‍മാരില്‍ നിന്നും ഈടാക്കുന്ന വെര്‍ച്വല്‍ പ്രിന്റ് ഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മലയാള സിനിമകള്‍ ബഹിഷ്‌കരിക്കുന്നതിലേക്കു പിവിആറിനെ നയിച്ചത്.

നിര്‍മാണം പൂര്‍ത്തിയായ മലയാള സിനിമകളുടെ ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്ററിംഗ് ചെയ്ത് തിയറ്ററുകളില്‍ എത്തിക്കുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളാണ്. ഇവര്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നെന്ന് ആരോപിച്ച് മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടന പ്രൊഡ്യസേഴ്‌സ് ഡിജിറ്റല്‍ കണ്ടന്റ് (പിഡിസി) എന്ന സംവിധാനം വഴി ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്ററിംഗ് ചെയ്യാന്‍ തുടങ്ങി.

തിയറ്ററുകള്‍ പിഡിസി ഉപയോഗിക്കണമെന്നും നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.

എന്നാല്‍ പിവിആര്‍ ഉള്‍പ്പെടെയുള്ള തിയറ്റര്‍ ശൃംഖലകള്‍ ക്യൂബ്, യുഎഫ്ഒ തുടങ്ങിയ സേവന ദാതാക്കളെയാണു കൂടുതലും ആശ്രയിക്കുന്നത്.

ഇവരെ ഒഴിവാക്കാന്‍ പിവിആറിന് താല്‍പര്യവുമില്ല. കേരളത്തില്‍ പിവിആര്‍-ഐനോക്‌സിന് 44 സ്‌ക്രീനുകളാണ് ഉള്ളത്. കൊച്ചിയില്‍ ലുലു മാള്‍, ഒബ്‌റോണ്‍ മാള്‍, ഫോറം മാള്‍ ഉള്‍പ്പെടെ 22 സ്‌ക്രീനുകളുണ്ട്.

ഫോറം മാളിലെ 9 സ്‌ക്രീനുകളില്‍ ഏപ്രില്‍ 10 ബുധനാഴ്ചയാണ് പ്രവര്‍ത്തനം ആരംഭിച്ചതും.

അതേസമയം, മലയാളം സിനിമാ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരേ രംഗത്തുവന്നിരിക്കുകയാണ് പിവിആര്‍-ഐനോക്‌സ് സിഇഒ കമല്‍ ജിയാന്‍ചന്ദാനി.

കണ്ടന്റ് ഒരു ഉറവിടത്തില്‍ നിന്ന് മാത്രം വാങ്ങാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തങ്ങളെ നിര്‍ബന്ധിക്കുകയാണെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

പിവിആര്‍ ബഹിഷ്‌കരണത്തെ തുടര്‍ന്ന് മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, പ്രേമലു തുടങ്ങിയ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനവും നിര്‍ത്തിവച്ചു.

സമീപകാലത്ത് റിലീസ് ചെയ്ത ഭൂരിഭാഗം മലയാള ചിത്രങ്ങളും വന്‍ വിജയങ്ങളായിരുന്നു. അതിര്‍ത്തികള്‍ ഭേദിച്ചു വരെ മുന്നേറുകയുണ്ടായി.

മഞ്ഞുമ്മല്‍ ബോയ്‌സും, ആടുജീവിതവും, പ്രേമലുവും, ഭ്രമയുഗവും മലയാളം വിട്ട് അന്യഭാഷകളിലേക്ക് വരെ എത്തുകയുണ്ടായി.

ഇതിനിടെയാണ് ഇപ്പോള്‍ മലയാള സിനിമയ്ക്ക് ബഹിഷ്‌കരണവുമായി പിവിആര്‍-ഐനോക്‌സ് എത്തിയിരിക്കുന്നത്.

Tags:    

Similar News