നേര്യമംഗലത്തെ പിഡബ്ല്യുഡി പരിശീലന കേന്ദ്രം ഉദ്ഘാടനം നാളെ

  • ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ക്കുള്ള പരിശീലനത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Update: 2023-09-15 09:19 GMT

കൊച്ചി:പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ക്കായി നേര്യമംഗലത്ത് നിര്‍മ്മിച്ച പരിശീലന കേന്ദ്രം സെപ്റ്റംബര്‍ 16 ന് രാവിലെ 10 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മികച്ച രീതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് ശാസ്ത്രീയ പരിശീലനം ഉറപ്പാക്കുകയാണ് പരിശീലന കേന്ദ്രത്തിന്റെ ലക്ഷ്യം. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ക്കുള്ള പരിശീലനത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

നേര്യമംഗലത്ത് പെരിയാറിനോട് ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആറ് ഏക്കര്‍ സ്ഥലത്താണ് പരിശീലന കേന്ദ്രവും പിഡബ്ല്യുഡി റസ്റ്റ് ഹൗസും നിര്‍മ്മിച്ചിട്ടുള്ളത്. കോണ്‍ഫറന്‍സ് ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഓഡിയോ വിഷ്വല്‍ ഹാള്‍, ലൈബ്രറി, അഞ്ച് സെമിനാര്‍ ഹാള്‍, കിച്ചണ്‍ , ഡൈനിംഗ് ഹാള്‍ എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടെ 4768 ചതുരശ്ര മീറ്റര്‍ വലുപ്പമാണ് പരിശീലന കേന്ദ്രത്തിനുള്ളത്. അഞ്ച് നിലകളിലായി 3517 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള റസ്റ്റ് ഹൗസില്‍ 45 വിശ്രമ മുറികളും മൂന്ന് സ്യൂട്ട് മുറികളുമുണ്ട്. പരിശീലനത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് താമസം ഇവിടെയാണ്. ഇതിനു പുറമേ 276 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ റീജിയണല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയും ഇവിടെയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പ്രായോഗിക പരിശീലനത്തിനാണ് ഇത്. വിവിധഘട്ടങ്ങളിലായി 25.83 കോടി രൂപയോള ചെലവഴിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Tags:    

Similar News