രഘുറാം രാജന്‍ രാജ്യസഭയിലേക്കെന്ന് സൂചന; ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി

  • മഹാരാഷ്ട്രയില്‍ ഒഴിവുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്കു ഫെബ്രുവരി 27-നാണ് തിരഞ്ഞെടുപ്പ് അരങ്ങേറുന്നത്
  • കോണ്‍ഗ്രസിന്റെയോ മഹാരാഷ്ട്ര വികാസ് അഖാഡി പാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്
  • ഉദ്ധവ് താക്കറെയെയും കുടുംബത്തെയും കഴിഞ്ഞ ദിവസം രഘുറാം രാജന്‍ സന്ദര്‍ശിച്ചിരുന്നു

Update: 2024-02-02 10:10 GMT

പ്രശസ്ത സാമ്പത്തിക വിദഗ്ധനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മുന്‍ ഗവര്‍ണറുമായ രഘുറാം രാജന്‍ രാജ്യസഭയിലേക്കെന്നു സൂചന.

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും കുടുംബത്തെയും കഴിഞ്ഞ ദിവസം രഘുറാം രാജന്‍ സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം രാജ്യസഭയിലെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഒന്നുകില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയോ അതുമല്ലെങ്കില്‍ മഹാരാഷ്ട്ര വികാസ് അഖാഡി പാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥിയായി രഘുറാം രാജന്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ഒഴിവുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്കു ഫെബ്രുവരി 27-നാണ് തിരഞ്ഞെടുപ്പ് അരങ്ങേറുന്നത്.

കോണ്‍ഗ്രസ്, എന്‍സിപി (ശരദ് പവാര്‍), ശിവസേന (യുബിടി) എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യമാണ് മഹാരാഷ്ട്ര വികാസ് അഖാഡി.

മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രകാശ് ജാവദേക്കര്‍, അനില്‍ ദേശായി, കുമാര്‍ കേത്കര്‍, വി. മുരളീധരന്‍, നാരായണ്‍ റാണെ, വന്ദന ചവാന്‍ എന്നിവരുടെ രാജ്യസഭയിലെ കാലാവധി ഏപ്രില്‍ 2 ന് അവസാനിക്കും.

കോണ്‍ഗ്രസിന്റെയോ മഹാരാഷ്ട്ര വികാസ് അഖാഡിയുടെയോ സംയുക്ത സ്ഥാനാര്‍ഥിയായി രാജനെ നാമനിര്‍ദേശം ചെയ്‌തേക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്.

Tags:    

Similar News