ഇന്ത്യൻ റെയിൽവേയുടെ വരുമാനം 2.40 ലക്ഷം കോടി രൂപയായി
- 49000 കോടി രൂപയുടെ വർധന
- പെൻഷൻ ചെലവുകൾ പൂർണമായി നിറവേറ്റും
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വരുമാനം രേഖപ്പെടുത്തി ഇന്ത്യൻ റെയിൽവേ. വരുമാനം 2021 -22 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 49000 കോടി രൂപ ഉയർന്ന് 2.40 ലക്ഷം കോടി രൂപയായി.
ചരക്കു സേവനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തിൽ നിന്നും 15 ശതമാനം ഉയർന്ന് 1.62 ലക്ഷം കോടി രൂപയായി. യാത്രക്കാരിൽ നിന്നുള്ള വരുമാനം എക്കാലത്തെയും ഉയർന്ന വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇത് 61 ശതമാനം വർധിച്ച് 63,300 കോടി രൂപയായി.
മൂന്ന് വർഷങ്ങൾക്കു ശേഷം, ഇത്തവണ ഇന്ത്യൻ റെയിൽവെക്ക് പെൻഷൻ ചെലവുകൾ നിറവേറ്റുന്നതിന് കഴിയുമെന്നും, വരുമാനത്തിലെ വർധനവും, ചെലവിൽ കാര്യക്ഷമമായ ചുരുക്കലും പ്രവർത്തന അനുപാതം 98.14 ശതമാനമാകുന്നതിന് സഹായിച്ചുവെന്നും മന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
എല്ലാ ചെലവുകൾക്ക് ശേഷം 3,200 കോടി രൂപ മൂലധന നിക്ഷേപത്തിനായി വിനിയോഗിക്കുന്നതിനും റെയിൽവെക്ക് കഴിഞ്ഞിട്ടുണ്ട്. 2021 -22 സാമ്പത്തിക വർഷത്തിൽ യാത്രക്കാരിൽ നിന്നുള്ള വരുമാനം 39,214 കോടി രൂപയായിരുന്നു. കോച്ചിങ് വരുമാനം 4,899 കോടി രൂപയിൽ നിന്ന് 5,951 കോടി രൂപയായി. സൺഡ്രീസ് വരുമാനം 6067 കോടി രൂപയിൽ നിന്ന് 8,440 കോടി രൂപയായി.
മൊത്ത വരുമാനം മുൻ വർഷത്തിൽ റിപ്പോർട്ട് ചെയ്ത 1,91,278 കോടി രൂപയിൽ നിന്ന് 239803 കോടി രൂപയായി. യാത്രക്കാരിൽ നിന്നുള്ള മൊത്ത വരുമാനം 191206 കോടി രൂപയിൽ നിന്ന് 2,39,750 കോടി രൂപയായി. ചരക്കു സേവനഗറിൽ നിന്നുള്ള മൊത്ത വരുമാനം 1,91,367 കോടി രൂപയിൽ നിന്ന് 2,39,892 കോടി രൂപയായി. റെയിൽവേയുടെ മൊത്ത ചെലവ് 206391 കോടി രൂപയിൽ നിന്ന് 237375 കോടി രൂപയായി.
2021 -22 സാമ്പത്തിക വർഷത്തിൽ 81644 കോടി രൂപയാണ് മൂലധന ചെലവുകൾക്കായി നിക്ഷേപിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 1,09,004 കോടി രൂപയായി. റെയിൽവേ സുരക്ഷാ ഫണ്ടിന് കീഴിൽ, 2021-22 കാലയളവിൽ 11,105 കോടി രൂപ ചെലവഴിച്ചപ്പോൾ 2022-23 കാലയളവിൽ 30,001 കോടി രൂപയും ചെലവഴിച്ചു.
