കേരളത്തില്‍ 5 ദിവസം മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ശ്രീലങ്കക്കും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി അതിശക്തമായ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്.

Update: 2025-11-26 09:47 GMT

കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ശ്രീലങ്കക്കും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി അതിശക്തമായ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കും. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്‌നാട് പുതുച്ചേരി തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം സെന്‍യാര്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ഇന്തൊനേഷ്യയില്‍ കരയില്‍ പ്രവേശിച്ചു. നിലവില്‍ വടക്കുകിഴക്കന്‍ ഇന്തൊനീഷ്യയുടെ തീരപ്രദേശത്തിന് മുകളിലാണ് ചുഴലിക്കാറ്റുള്ളത്. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു നാളെ രാവിലെ വരെ ചുഴലിക്കാറ്റിന്റെ ശക്തി നിലനിര്‍ത്തി തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    

Similar News