രാമനഗര ബെംഗളൂരു സൗത്ത് ജില്ലയാകും
- കനകപുര താലൂക്ക് ബെംഗളൂരു അര്‍ബനുമായി ലയിപ്പിക്കണം
- പുതിയജില്ലാരൂപീകരണം സംബന്ധിച്ച് ആളുകളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചുവരികയാണ്
രാമനഗര ജില്ലയെ 'ബെംഗളൂരു സൗത്ത്' ജില്ലയായി പുനര്‍നാമകരണം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ചന്നപട്ടണ, രാമനഗര, കനകപുര, മഗഡി, ഹരോഹള്ളി താലൂക്കുകള്‍ ഉള്‍പ്പെടുന്നതാണ് ജില്ല.
കനകപുര താലൂക്ക് ബെംഗളൂരു അര്‍ബനുമായി ലയിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ദ്ദേശം.
'ബംഗളൂരു നഗരത്തിന്റെ അന്തര്‍ദേശീയ പ്രശസ്തിയും പരമാധികാരവും അന്തസും രാമനഗര, മഗഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി താലൂക്കുകള്‍ക്ക്കൂടി ലഭ്യമാക്കണം. ഇത് ജനങ്ങളുടെ ആഗ്രഹമാണ്. രാമനഗര ജില്ലയെ ബാംഗ്ലൂര്‍ സൗത്ത് ജില്ലയായി പുനര്‍നാമകരണം ചെയ്യുകയും രാമനഗര അതിന്റെ ജില്ലാ ആസ്ഥാനമായി കണക്കാക്കുകയും ചെയ്യാം. ഇതിനായി ആളുകളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചുവരികയാണ്' ശിവകുമാര്‍ പറഞ്ഞു.
നേരത്തെ, കനകപുരയെ ബെംഗളൂരു നഗരത്തിന്റെ ഭാഗമാക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞപ്പോള്‍, റിയല്‍ എസ്റ്റേറ്റ് കാരണങ്ങളാലാണ് ശ്രമമെന്ന് ജനതാദള്‍ (സെക്കുലര്‍) (ജെഡി (എസ്)) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി അദ്ദേഹത്തെ പരിഹസിച്ചിരുന്നു. 2007ല്‍ അദ്ദേഹത്തിന്റെ ഭരണകാലത്താണ് ബെംഗളൂരു റൂറല്‍ ജില്ലയില്‍ നിന്ന് രാമനഗര ജില്ല രൂപീകരിച്ചത്.
ഇതിനോട് പ്രതികരിച്ച ശിവകുമാര്‍, കുമാരസ്വാമിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ചു.
കനകപുര താലൂക്കിലെ ഗ്രാമങ്ങള്‍ ബെംഗളൂരുവില്‍ ലയിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന രാഷ്ട്രീയ ചേരിതിരിവിന് കാരണമായതായും വിലയിരുത്തപ്പെടുന്നു.
കനകപുര സ്വദേശിയായ ശിവകുമാര്‍ ജനങ്ങളോട് തങ്ങളുടെ ഭൂമി വില്‍ക്കരുതെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കാരണം ഇത് ഒരു ചതുരശ്ര അടി നിരക്കിലാണ് വില്‍ക്കുന്നത്, അല്ലാതെ ഏക്കറിലല്ല. കനപുര സ്വദേശിയാണ് ശിവകുമാര്‍. രാമനഗര ജില്ലയായിരുന്നു അദ്ദേഹത്തിന്റെ മണ്ഡലം.
ശിവനഹള്ളി ഗ്രാമത്തിലെ വീരഭദ്രസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായുള്ള ഭൂമി പൂജ പരിപാടിയില്‍ സംസാരിക്കവെയാണ് ശിവകുമാര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
തങ്ങളുടെ ഗ്രാമം ഹൈവേയോട് ചേര്‍ന്നാണെന്നും അതിനാല്‍ ഒരു കാരണവശാലും ഭൂമി ബെംഗളൂരുകാര്‍ക്ക് വില്‍ക്കരുതെന്നും പറഞ്ഞു. 'കനകപുര ടൗണ്‍ ഇവിടെ വരെ വികസിക്കാന്‍ പോകുന്നു. അതിനാല്‍, ഭൂമി വില്‍ക്കരുത്, എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു', ശിവകുമാര്‍ യോഗത്തില്‍ പറഞ്ഞു.
