ഇന്‍ഫ്‌ളുവന്‍സര്‍മാരെ നിയന്ത്രിക്കാന്‍ ആലോചിക്കുന്നില്ല: ആര്‍ബിഐ

  • ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കെതിരെ സെബി നടപടി സ്വീകരിക്കുന്നുണ്ട്
  • ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗിച്ച് മ്യൂച്ചല്‍ ഫണ്ടും, ബ്രോക്കര്‍മാരും സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെയും കാംപെയ്നുകളിലൂടെയും ഉപദേശങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ സെബി പദ്ധതിയിടുന്നുണ്ട്
  • ടെലിഗ്രാം എന്ന സോഷ്യല്‍ മീഡിയ ചാനലില്‍ സ്റ്റോക്ക് റെക്കമന്‍ഡേഷന്‍ നടത്തിയത് സെബി കണ്ടെത്തിയിരുന്നു

Update: 2023-06-14 04:32 GMT

ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ വ്യക്തിപരമായ വീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ നിയന്ത്രിക്കുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളൊന്നും പുറപ്പെടുവിക്കാന്‍ ആര്‍ബിഐ ആലോചിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. കാരണം സെബി ആ ജോലി നിര്‍വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗിച്ച് മ്യൂച്ചല്‍ ഫണ്ടും, ബ്രോക്കര്‍മാരും സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെയും മാര്‍ക്കറ്റിംഗ് കാംപെയ്നുകളിലൂടെയും ഉപദേശങ്ങള്‍ (financial advice) നല്‍കുന്നത് നിയന്ത്രിക്കാന്‍ സെബി പദ്ധതിയിടുന്നുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ അവരുടെ വ്യക്തിപരമായ കാഴ്ച്ചപ്പാടുകളാണ് പലരിലും അടിച്ചേല്‍പ്പിക്കുന്നത് അതുമല്ലെങ്കില്‍ അവര്‍ക്ക് സാമ്പത്തിക ആനുകൂല്യം നല്‍കുന്ന സ്ഥാപനങ്ങളുടെ സ്റ്റോക്കിനെയാണ് അവര്‍ പ്രൊമോട്ട് ചെയ്യുന്നത്. ഇത് അനുവദിക്കാനാകില്ലെന്ന നിലപാടാണ് സെബി സ്വീകരിച്ചിരിക്കുന്നത്.

2022 ജനുവരി മുതല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സെബി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും, ഇതുവരെ ഔദ്യോഗിക മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കെതിരെ സെബി നടപടി സ്വീകരിക്കുന്നുണ്ട്.

2022 ജനുവരിയില്‍ ടെലിഗ്രാം എന്ന സോഷ്യല്‍ മീഡിയ ചാനലില്‍ സ്റ്റോക്ക് റെക്കമന്‍ഡേഷന്‍ നടത്തിയത് സെബി കണ്ടെത്തിയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 2-ന്, സെബി യുട്യൂബര്‍മാര്‍ക്കെതിരെ വിലക്ക് അടക്കമുള്ള നടപടി സ്വീകരിച്ചിരുന്നു.വിലയില്‍ കൃത്രിമം കാണിച്ചതിനും അനധികൃത നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പ്രവര്‍ത്തിച്ചതിനുമാണ് യുട്യൂബര്‍മാരെയും 44-ഓളം സ്ഥാപനങ്ങളെയും സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് സെബി വിലക്കിയത്. ഇതിനു പുറമെ ഈ വര്‍ഷം മെയ് മാസത്തില്‍ ഇന്‍ഫ്‌ളുവന്‍സറായ പിആര്‍ സുന്ദറിനെതിരെ പിഴയും ചുമത്തി. വിപണിയില്‍ ഒരു വര്‍ഷത്തെ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് സെബി നടപടി സ്വീകരിച്ചത്. 6.5 കോടി രൂപ പിഴയടച്ചാണ് സുന്ദര്‍ കേസ് ഒത്തുതീര്‍പ്പാക്കിയത്. പ്രമുഖ യുട്യൂബറും ഓപ്ഷന്‍സ് ട്രേഡറുമാണ് സുന്ദര്‍.

www.prsundar.blogspot.com എന്ന വെബ്സൈറ്റ് സുന്ദര്‍ നടത്തിയിരുന്നു. അതിലൂടെ അഡൈ്വസറി സര്‍വീസ് പാക്കേജുകള്‍ വാഗ്ദാനം ചെയ്തതായി സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.

സുന്ദര്‍ കോ-പ്രൊമോട്ടറായിട്ടുള്ള സ്ഥാപനമായ മാന്‍സണ്‍ കണ്‍സള്‍ട്ടന്‍സിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള പേയ്മെന്റ് ഗേറ്റ്വേ വഴിയാണ് ഈ സേവനങ്ങള്‍ക്കുള്ള പേയ്മെന്റുകള്‍ ശേഖരിച്ചത്. ഒരു രജിസ്റ്റര്‍ ചെയ്ത ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി ബിസിനസ്സ് ഇല്ലാതെ, മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കമ്പനി സെക്യൂരിറ്റീസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതെന്നും സെബി കണ്ടെത്തി.

Tags:    

Similar News