ഒപിഎസ് പുനഃസ്ഥാപിക്കല്‍, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ

  • സംസ്ഥാനങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതിയുടെ പുരോഗതിയും, അതോടൊപ്പം ബജറ്റിനു പുറത്തുള്ള കടമെടുപ്പ് സംബന്ധിച്ച വിവരങ്ങളും കേന്ദ്ര ധനകാര്യമന്ത്രാലയം ശേഖരിച്ചിട്ടുണ്ട്.

Update: 2023-01-17 07:49 GMT

മുംബൈ: കോവിഡ് പ്രതിസന്ധികളില്‍ നിന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട് വരുന്നതെയുള്ളു. ഈ സാഹചര്യത്തില്‍ പഴയ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്) വീണ്ടും നടപ്പിലാക്കാനുള്ള നീക്കം അപകടകരമാണെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. ഒപിഎസ് നടപ്പിലാക്കിയാല്‍ അതിനാവശ്യമായ സാമ്പത്തിക സ്രോതസുകളിലെ സമ്പാദ്യം ഹ്രസ്വകാലത്തേക്ക് മാത്രമുള്ളതായി ചുരുങ്ങും. നിലവിലെ ചെലവുകള്‍ മാറ്റിവെയ്ക്കപ്പെടുമ്പോള്‍ വരും വര്‍ഷങ്ങളില്‍ ഫണ്ടില്ലാത്ത പെന്‍ഷന്‍ ബാധ്യതകള്‍ കുമിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ്, രാജസ്ഥാന്‍, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നിലവില്‍ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. ഇതുവഴി റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകുമ്പോള്‍ ലഭിച്ചിരുന്ന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ലഭിക്കും. അത് പൂര്‍ണമായും നല്‍കുന്നത് സര്‍ക്കാരാണ്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ 2004 ഏപ്രില്‍ 1 മുതല്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിനു കീഴില്‍ (എന്‍പിഎസ്) പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കി. ഇതു പ്രകാരം ജീവനക്കാര്‍ അവരുടെ ശമ്പളത്തിന്റെ 10 ശതമാനവും, സര്‍ക്കാര്‍ 14 ശതമാനവും സംഭാവന ചെയ്യണം.

സംസ്ഥാനങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതിയുടെ പുരോഗതിയും, അതോടൊപ്പം ബജറ്റിനു പുറത്തുള്ള കടമെടുപ്പ് സംബന്ധിച്ച വിവരങ്ങളും കേന്ദ്ര ധനകാര്യമന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളോട് ആര്‍ബിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത് ഉയര്‍ന്ന മൂലധന ചെലവഴിക്കലില്‍ ശ്രദ്ധിക്കാനാണ്. ഇതുവഴി കുറഞ്ഞത് രണ്ടു വര്‍ഷത്തെ സംസ്ഥാനങ്ങളുടെ ജിഡിപിയില്‍ നേട്ടമുണ്ടാകണം. കൂടാതെ, മൂലധന ചെലവഴിക്കലിനായി ഒരു കാപെക്സ് ബഫര്‍ ഫണ്ട് രൂപീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിസന്ധികളില്ലാത്ത സമയത്ത് പണം നീക്കിവെച്ചാല്‍ വരുമാനത്തിന്റെ വരവ് ശക്തമാകുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമ്പോള്‍ ചെലവഴിക്കലിനെ ഇത് ബാധിക്കില്ലെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.

ചില സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിലെ ആശങ്ക നീതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ ബെറി പങ്കുവെച്ചിരുന്നു. ഇത് ഭാവിയില്‍ നികുതിദായകര്‍ക്ക് ഭാരമായി തീരുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഒപിഎസ് പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളൊന്നും സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാടും വ്യക്തമാക്കിയിരുന്നു.

Tags:    

Similar News