സിനിമാ വിജയം പുസ്തക വില്‍പ്പനയ്ക്ക് ഗുണകരമായി; ആടുജീവിതത്തിന്റെ വായനക്കാരിലും വര്‍ധന

  • സിനിമ റിലീസ് ചെയ്തതിനു ശേഷം ഇതുവരെയായി 400-ഓളം കോപ്പികളാണ് സിഐസിസി പുസ്തക വില്‍പ്പനശാലയില്‍ മാത്രം വിറ്റഴിച്ചത്
  • ഗ്രീന്‍ ബുക്‌സിന്റെ കണക്ക്പ്രകാരം ഇതുവരെ ആടുജീവിതം എന്ന നോവല്‍ രണ്ടര ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിച്ചു
  • പണ്ട് നോവല്‍ വായിച്ചവര്‍ സിനിമ പുറത്തിറങ്ങിയതിനു ശേഷം പുനര്‍വായനയ്ക്ക് താല്‍പര്യം കാണിക്കുന്നുണ്ട്

Update: 2024-04-04 06:44 GMT

നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ആടുജീവിതം മലയാള സിനിമാ വ്യവസായത്തിന് പ്രതീക്ഷയുടെ പുതുജീവനേകുമ്പോള്‍ മറുവശത്ത് ആടുജീവിതം എന്ന പുസ്തകത്തിന്റെ വില്‍പ്പന വീണ്ടും കുതിച്ചുയരുകയാണ്. സിനിമ റിലീസ് ചെയ്തത് 2024 മാര്‍ച്ച് 28-നാണ്. സിനിമ വലിയ തോതില്‍ സ്വീകരിക്കപ്പെട്ടത് ഇപ്പോള്‍ ആടുജീവിതം എന്ന പുസ്തകത്തിന്റെ വില്‍പ്പനയ്ക്കും സഹായകരമായി തീര്‍ന്നിരിക്കുകയാണ്.

സിനിമ റിലീസ് ചെയ്തതിനു ശേഷം ഇതുവരെയായി 400-ഓളം കോപ്പികളാണ് എറണാകുളം പ്രസ് ക്ലബ് റോഡിലുള്ള സിഐസിസി പുസ്തക വില്‍പ്പനശാലയില്‍ മാത്രം വിറ്റഴിച്ചതെന്നു സിഐസിസി ജയചന്ദ്രന്‍ അറിയിച്ചു. പുസ്തകത്തിന്റെ പുതിയ കോപ്പിക്ക് 300 രൂപയായി വര്‍ധിച്ചിട്ടുമുണ്ട്. 250 രൂപയായിരുന്നു വില.

നോവല്‍ പുറത്തിറങ്ങിയ 2008-ലും തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങളിലും പുസ്തകത്തിന് നല്ല ഡിമാന്‍ഡ് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പുസ്തകം കാര്യമായി വിറ്റിരുന്നില്ല. പക്ഷേ, സിനിമ റിലീസ് ചെയ്യുകയും അതില്‍ മൃഗരതിയെ കുറിച്ചുള്ള പരാമര്‍ശവും, സിനിമയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവുമൊക്കെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വന്‍ ചര്‍ച്ചയായി. അതാകട്ടെ പുസ്തക വില്‍പ്പനയ്ക്ക് ഗുണകരമാവുകയും ചെയ്തു. മൃഗരതിയെ കുറിച്ച് പുസ്തകത്തില്‍ ചെറിയൊരു പാരഗ്രാഫില്‍ പരാമര്‍ശിക്കുന്നുണ്ട്.

പണ്ട് നോവല്‍ വായിച്ചവര്‍ സിനിമ പുറത്തിറങ്ങിയതിനു ശേഷം പുനര്‍വായനയ്ക്ക് താല്‍പര്യം കാണിക്കുന്നുണ്ട്. ഇതും പുസ്തക വില്‍പ്പനയില്‍ വര്‍ധനയുണ്ടാകാന്‍ കാരണമായെന്നു ജയചന്ദ്രന്‍ പറഞ്ഞു.

2008 ഓഗസ്റ്റിിലാണ് ആടുജീവിതം എന്ന നോവല്‍ പ്രസിദ്ധീകരിച്ചത്. തൃശൂര്‍ ആസ്ഥാനമായ ഗ്രീന്‍ ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. വലിയ സ്വപ്‌നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിക്ക് പോയ മലയാളി യുവാവായ നജീബിന് അവിടെ അനുഭവിക്കേണ്ടി വന്ന ദാരുണസാഹചര്യത്തെ വളരെ ഹൃദയസ്പര്‍ശിയായി വിവരിക്കുന്ന നോവലിന് 2009-ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള അവാര്‍ഡ് ലഭിക്കുകയുണ്ടായി.

ഗ്രീന്‍ ബുക്‌സിന്റെ കണക്ക്പ്രകാരം ഇതുവരെ ആടുജീവിതം എന്ന നോവല്‍ രണ്ടര ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിച്ചെന്നാണ്. ഇപ്പോള്‍ പുറത്തിറങ്ങുന്ന നോവലിന്റെ പുറംചട്ടയില്‍ ഇക്കാര്യം എഴുതിയിട്ടുമുണ്ട്.

Tags:    

Similar News