ഹിന്‍ഡന്‍ബര്‍ഗ് 'ഇഫക്ട്', ഓഹരി ഈടിന്മേല്‍ എന്‍ബിഎഫ്‌സികള്‍ നല്‍കിയ വായ്പകളും റഡാറില്‍

  • എന്‍ബിഎഫ്‌സികളില്‍ നിന്നും വന്‍ തുക വായ്പയായി എടുത്തിരിക്കുന്ന 10 കമ്പനികളുടെ വിശദാംശങ്ങളാണ് പ്രാഥമികമായി സമര്‍പ്പിക്കേണ്ടത്.

Update: 2023-03-01 06:24 GMT

മുംബൈ: രാജ്യത്തെ മുന്‍നിര കോര്‍പ്പറേറ്റായ അദാനി ഗ്രൂപ്പിനെ വെട്ടിലാക്കി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വന്‍ തുകയുടെ വായ്പാ വിതരണത്തില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ആര്‍ബിഐ. ഓഹരികള്‍ പണയം വെച്ച് വലിയ കമ്പനികള്‍ എടുക്കുന്ന വായ്പകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ആര്‍ബിഐ രാജ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോട് (എന്‍ബിഎഫ്‌സി) ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ ഓഹരികള്‍ പണയം വെച്ച് കമ്പനികള്‍ വാങ്ങുന്നത് വന്‍ തുകയുടെ വായ്പയാണ്. ഓഹരി വിപണിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന വായ്പകള്‍, ഓഹരി ഈടായി വാങ്ങിയിട്ട് വിതരണം ചെയ്യുന്ന വായ്പകള്‍, ഓഹരി ഉടമകളില്‍ നിന്നും നേടുന്ന പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് കൈകാര്യം ചെയ്യുന്ന ഓഹരിയുമായി ബന്ധപ്പെട്ട വായ്പകള്‍ തുടങ്ങിയവയെ എല്ലാം പറ്റിയുള്ള വിശദാംശങ്ങള്‍ നല്‍കണമെന്നാണ് ആര്‍ബിഐ എന്‍ബിഎഫ്‌സികള്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

എന്‍ബിഎഫ്‌സികളില്‍ നിന്നും വന്‍ തുക വായ്പയായി എടുത്തിരിക്കുന്ന 10 കമ്പനികളുടെ വിശദാംശങ്ങളാണ് പ്രാഥമികമായി സമര്‍പ്പിക്കേണ്ടത്. എന്‍ബിഎഫ്‌സികളില്‍ നിന്നും വിതരണം ചെയ്തിരിക്കുന്ന വായ്പകള്‍ ഏറ്റവുമധികം ഏത് മേഖലയിലേക്കാണ് കേന്ദ്രീകരിക്കുന്നത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങളും ആര്‍ബിഐ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്‍പ്പടെ ഓഹരി പണയം വെച്ച് അദാനി ഗ്രൂപ്പിന് കീഴിലുള്ള ഒന്‍പത് കമ്പനികള്‍ വന്‍ തുകയുടെ വായ്പയെടുത്തിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിലയില്‍ വന്‍ ഇടിവുണ്ടായി. ജനുവരിയില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി വിലയില്‍ 74 ശതമാനം ഇടിവാണുണ്ടായത്.

Tags:    

Similar News