ഇറാനുനേരെ ഇസ്രയേല്‍ വ്യോമാക്രമണമെന്ന് റിപ്പോര്‍ട്ട്

  • ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമെന്ന് ഇറാന്‍
  • മേഖലിലെ വ്യോമഗതാഗതം താറുമാറായി
  • ആക്രമണം ഒരു ലോകമഹായുദ്ധത്തിന്റെ തുടക്കമോ?

Update: 2024-04-19 05:12 GMT

ഇറാനെതിരെ ഇസ്രയേല്‍ അതിശക്തമായ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട് . ഏപ്രില്‍ 13-ന് ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയായാണ് ടെല്‍അവീവ് ടെഹ്‌റാനെതിരെ മിസൈല്‍ ആക്രമണം നടത്തിയത്. ഇതോടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായി.

അസോസിയേറ്റഡ് പ്രസ് പറയുന്നതനുസരിച്ച്, വാണിജ്യ വിമാനങ്ങള്‍ തങ്ങളുടെ പാതകള്‍ പടിഞ്ഞാറന്‍ ഇറാനിലൂടെയാക്കി മാറ്റി. റപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്ഫഹാന്‍ നഗരത്തിലാണ് ആക്രമണം ഉണ്ടായത്. ഇറാന്‍ ടെലിവിഷനും നഗരത്തില്‍ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടു ചെയ്തു.

സൈനിക നടപടികളില്‍ നിന്ന് പിന്മാറണമെന്നും അല്ലാത്തപക്ഷം ഇറാന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആയുധങ്ങള്‍ വിന്യസിക്കുമെന്ന് പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ഇസ്രയേല്‍ തിരിച്ചടി.

ആക്രമണം നടന്ന ഇസ്ഫഹാന്‍ നഗരത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ടെഹ്‌റാന്റെ നിരവധി ആണവകേന്ദ്രങ്ങള്‍ ഈ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍ ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പറയുന്നതനുസരിച്ച്, ഇറാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിനോട് ഇടപെടാനും ഇസ്രയേലിനെ സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കണമെന്നും ആവശ്യപ്പെട്ടു. മിഡില്‍ ഈസ്റ്റ് കാര്യമായ അപകടത്തെ അഭിമുഖീകരിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് ഇസ്രയേല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇറാനെതിരായ ആക്രമണത്തെപ്പറ്റി ഇസ്രയേല്‍ സേന പ്രതികരിച്ചിട്ടില്ല. ആക്രണമത്തെതുടര്‍ന്ന് മേഖലയിലെ വ്യോമഗതാഗതം താറുമാറായി. ഈ ആക്രമണം ഒരു ലോക മഹായുദ്ധമാകാതിരിക്കാനുള്ള നടപടികള്‍ക്കായി ലോക ശക്തികള്‍ ശ്രമിക്കുകയാണ്.

ഇസ്രയേല്‍ ആക്രമണത്തോടെ പശ്ചിമേഷ്യയിലെ പിരിമുറുക്കം കൂടുതല്‍ വര്‍ധിച്ചു. ഇറാനെ പിന്തുണക്കുന്ന റഷ്യയും ചൈനയും നിലപാടുകള്‍ എടുക്കുന്നത് ഈ ഘട്ടത്തില്‍ വളരെ പ്രധാനമാണ്. ചൈന ആരെയും പിന്തുണക്കാതെ നേരത്തെ സംസാരിച്ചിരുന്നു. എന്നാല്‍ റഷ്യ ഇതുവരെ മനസ് തുറന്നിട്ടില്ല. പശ്ചിമേഷ്യയിലെ പ്രബല ശക്തികളിലൊന്നാണ് ഇറാന്‍. കൂടാതെ നിലവില്‍ ഹമാസിനെതിരായ യുദ്ധം നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഇറാനെതിരെയും ഇസ്രയേല്‍ യുദ്ധമുഖത്ത് എത്തിയത്. ഒരേ സമയം പല രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത് ശീലവും പരിചയവുമുള്ള രാജ്യമാണ് ഇസ്രയേല്‍ എന്നതും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു.

Tags:    

Similar News