പേടകം മയക്കത്തില്‍ നിന്നുണര്‍ന്നില്ല; ചന്ദ്രയാന്‍ 3 ദൗത്യം അവസാനിച്ചു?
- ലാന്‍ഡറും റോവറും സെപ്റ്റംബര്‍ 2ന് സ്ലീപ് മോഡില്‍ പ്രവേശിച്ചു
- ചന്ദ്രയാന്‍ 3 പ്രാഥമിക ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി
- ആശയവിനിമയത്തിന് സെപ്റ്റംബര്‍ 30 വരെ ശ്രമം തുടരും
ചന്ദ്രയാൻ -3 ദൗത്യം അവസാനത്തിലേക്ക് എത്തിയെന്ന് സൂചന. നിശ്ചിത സമയത്തെ സ്ലീപ് മോഡിന് ശേഷവും വിക്രം ലാൻഡറുമായും പ്രഗ്യാൻ റോവറുമായും ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടുള്ളത്. ചന്ദ്രനിലെ സൂര്യാസ്തമനം നടന്ന സെപ്റ്റംബര്‍ 2നാണ് ലാന്‍ഡറും റോവറും സ്ലീപ് മോഡിലേക്ക് മാറിയത്. സെപ്റ്റംബര്‍ 22ന് സൂര്യന്‍ വീണ്ടും ഉദിക്കുമ്പോള്‍ ഇവ ചാര്‍ജ് ചെയ്യപ്പെടുമെന്നും ഐഎസ്ആര്‍ഒ-യ്ക്ക് സിഗ്നല്‍ ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
ലാന്‍ഡറുമായും റോവറുമായും ആശയവിനിമയം വീണ്ടെടുക്കാനുള്ള പരിശ്രമങ്ങള്‍ തുടരുകയാണെന്നും എന്നാല്‍ ഇതുവരെ ഇതില്‍ വിജയം കാണാനായില്ലെന്നും സെപ്റ്റംബര്‍ 22ന് ഐഎസ്ആര്‍ഒ ഔദ്യോഗികമായ ട്വീറ്റ് ചെയ്തു. പിന്നീട് ദിവസങ്ങളും മിനിറ്റുകളും കടന്നുപോകുന്നതോടെ ഇവയെ ഉണര്‍ത്താനുള്ള സാധ്യതകള്‍ മങ്ങിയെന്നാണ് ബിബിസി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എങ്കിലും വിജയകരമായി ലാന്‍ഡ് ചെയ്ത് പ്രാഥമിക ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ചന്ദ്രയാന്‍ 3ന് സാധിച്ചത് നേട്ടമാണെന്ന് ബഹിരാകാശ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
40 ദിവസത്തെ ബഹിരാകാശ യാത്രയ്ക്കു ശേഷം ഓഗസ്റ്റ് 23നാണ് ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയത്. ഈ മേഖലയില്‍ ലാന്‍ഡിംഗ് സാധ്യമാക്കുന്ന ആദ്യ രാഷ്ട്രമായും ഇതിലൂടെ ഇന്ത്യ മാറി. ഇതിനു ശേഷം 100 മീറ്ററിലധികം സഞ്ചരിച്ചാണ് റോവർ ചന്ദ്രനിൽ സൾഫർ, ഇരുമ്പ്, ഓക്സിജൻ, മറ്റ് മൂലകങ്ങൾ എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മുമ്പ് കണക്കാക്കിയിരുന്നതിന് സമാനമായാണ് റോവറും ലാന്‍ഡറും സ്ലീപ് മോഡിലേക്ക് നീങ്ങിയത്.
ചന്ദ്രനിലെ അടുത്ത സൂര്യാസ്തമയം നടക്കുന്ന സെപ്റ്റംബര്‍ 30 വരെ ദൗത്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ഐഎസ്ആര്‍ഒ തുടരും. പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചാല്‍ ലാൻഡറും റോവറും ചന്ദ്രോപരിതലത്തിൽ ശാസ്ത്രീയ പരീക്ഷണങ്ങൾ തുടരും.
