508 സ്റ്റേഷനുകള്‍ നവീകരിക്കാന്‍ 24,470 കോടി, ലിസ്റ്റില്‍ കേരളം ഇല്ല
- കേരളത്തിലെ ഒരു സ്റ്റേഷന്‍ പോലും പദ്ധതിയില്‍ സ്ഥാനം പിടിച്ചിട്ടില്ല
- ഓഗസ്റ്റ് ആറിന് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും
ഡെല്‍ഹി: ഒന്നര വര്‍ഷത്തിനുളളില്‍ 508 റെയില്‍വേ സ്റ്റേഷനുകള്‍ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഇന്ത്യന്‍ റെയില്‍വേ. ഇതിനായി 24,470 കോടി രൂപ ചെലവഴിക്കും. കേരളത്തിലെ ഒരു സ്റ്റേഷന്‍ പോലും പദ്ധതിയില്‍ സ്ഥാനം പിടിച്ചിട്ടില്ല.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ 55 സ്റ്റേഷനുകള്‍, ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, ആസാമില്‍ 32, ഒഡീഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്ത്, തെലുങ്കാന എന്നിവിടങ്ങളില്‍ 21, ജാര്‍ഖണ്ഡില്‍ 20, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ 18, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13 എന്നിങ്ങനെയാണ് നവീകരിക്കുന്ന സ്റ്റേഷനുകളുടെ എണ്ണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് ആറിന് പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
റെയില്‍വേയുടെ സോണല്‍ ഡിവിഷനുകള്‍ക്കാണ് പദ്ധതി ചുമതല. അമൃത് ഭാരത് സ്റ്റേഷന്‍ എന്ന പദ്ധതിയിലൂടെ 1,309 സ്റ്റേഷനുകള്‍ നവീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഇതില്‍ 30 സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഈ റെയില്‍വേ സ്റ്റേഷനുകളെ നഗര കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കുന്നത്. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നഗരത്തിന്റെ മൊത്തത്തിലുള്ള വികസനമാണ് ഈ പ്ദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിന വൈഷ്ണവ് പറഞ്ഞു.
