മാറ്റമില്ലാതെ രൂപ; മുന്നേറ്റത്തിന്റെ പാതയില്‍ ഏഷ്യന്‍ കറന്‍സികള്‍
- ഏഷ്യന്‍ കറന്‍സികള്‍ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്
ഏഷ്യന്‍ കറന്‍സികള്‍ ഉയര്‍ന്ന് വ്യാപാരം നടത്തുമ്പോഴും യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നു.
ഡിസംബര്‍ 22 വെള്ളിയാഴ്ച, രാവിലെ 9.10 ന്, രൂപ ഒരു ഡോളറിന് 83.26 എന്ന നിലയിലാണു വ്യാപാരം നടത്തിയത്. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് 83.28 ആയിരുന്നു.
ഇതില്‍ നിന്ന് 0.02 ശതമാനമാണ് രൂപ ഉയര്‍ന്നത്.
വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കും ഭൗമരാഷ്ട്രീയ സാഹചര്യം മൂലമുണ്ടായ അസംസ്‌കൃത എണ്ണ വിലയിലെ ചാഞ്ചാട്ടവും ഇന്ത്യന്‍ കറന്‍സിയെ സമ്മര്‍ദ്ദത്തിലാക്കിയതായി ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു.
ഇന്ന് (ഡിസംബര്‍ 22) പുറത്തുവരുന്ന പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (പിസിഇ) കണക്കുകളാണു അഥവാ വിലക്കയറ്റ നിരക്കാണ് യുഎസ് ഫെഡിന്റെ നിരക്ക് നിര്‍ണയത്തില്‍ പ്രധാന ഘടകമാകുക. ട്രേഡര്‍മാര്‍ കാത്തിരിക്കുന്നതും ഇന്ന് പുറത്തുവരുന്ന പിസിഇ റിപ്പോര്‍ട്ടാണ്.
ഏഷ്യന്‍ കറന്‍സികള്‍ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.
മലേഷ്യന്‍ റിംഗിറ്റ് 0.47 ശതമാനവും, ദക്ഷിണ കൊറിയയുടെ വോണ്‍ 0.45 ശതമാനവും, ഫിലിപ്പീന്‍സ് പെസോയും തായ്‌വന്‍ ഡോളറും 0.36 ശതമാനം വീതവും തായ് ബട്ട്, ഇന്തോനേഷ്യന്‍ റുപയ എന്നിവ യഥാക്രമം 0.24, 0.18 ശതമാനവും ഉയര്‍ന്നു.
അതേസമയം, ജാപ്പനീസ് യെന്‍ 0.23 ശതമാനം ഇടിഞ്ഞു.
ഡോളര്‍ സൂചിക, 101.83 എന്ന നിലയിലാണു വ്യാപാരം നടത്തിയത്. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത് 101.84-ലാണ്. മുന്‍ ക്ലോസിംഗില്‍ നിന്നും 0.01 ശതമാനമാണ് ഇന്ന് ഇടിഞ്ഞത്.
