റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഇന്ത്യയിലേക്ക്
വ്യാപാരം, സൈനിക- സാങ്കേതിക സഹകരണം തുടങ്ങിയവയില്‍ നിര്‍ണായക ചുവടുവെയ്പ് ഉണ്ടാകും
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഇന്ത്യയിലേക്ക്. സന്ദര്‍ശനം ഡിസംബറിലെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. അണിയറയിലൊരുങ്ങുന്നത് വന്‍ അജണ്ടയെന്നും റഷ്യ. റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യ-യുഎസ് ഭിന്നത രൂക്ഷമായിരിക്കെയാണ് പുടിന്റെ സന്ദര്‍ശനം ഉറപ്പായിരിക്കുന്നത്.
വ്യാപാരം, സൈനിക- സാങ്കേതിക സഹകരണം, ധനകാര്യ സഹകരണം തുടങ്ങിയവയില്‍ നിര്‍ണായകമായ ചുവട് വയ്പാണ് ഇരുരാജ്യങ്ങളും നടത്തുന്നത്. ആരോഗ്യ സംരക്ഷണം, ഹൈടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എസ് സി ഒ, ബ്രിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ സമഗ്രമായ അജണ്ടകളും സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്ന് സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി.
ഈ വര്‍ഷം അവസാനം പ്രസിഡന്റ് പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിനായി മോസ്‌കോ തയാറെടുക്കുകയാണ്. യുഎന്‍ പൊതുസഭയ്ക്കിടെ ഇന്ത്യന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.നയതന്ത്ര ഇടപാടുകളുടെ ഭാഗമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഈ വര്‍ഷം റഷ്യ സന്ദര്‍ശിക്കുമെന്ന് പതീക്ഷിക്കുന്നതായും ലാവ്‌റോവ് കൂട്ടിച്ചേര്‍ത്തു. വ്യാപാരത്തെക്കുറിച്ച് പ്രത്യേകിച്ച് ഇന്ത്യയുടെ ഊര്‍ജ്ജ ഇടപാടുകളില്‍ റഷ്യ ഇടപെടുന്നില്ല. ഇക്കാര്യത്തില്‍ അസ്വയം തീരുമാനങ്ങളെടുക്കാന്‍ ഇന്ത്യയ്ക്ക് പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
