തടസങ്ങളില്ലാതെ വായ്പ, പബ്ലിക് ടെക് പ്ലാറ്റ്‌ഫോമുമായി ആര്‍ബിഐ
- വായ്പ പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കുക, വായ്പ ചെലവ് ചുരുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെയാണ് പുതിയ പ്ലാറ്റ്‌ഫോം ആര്‍ബിഐ അവതരിപ്പിക്കുന്നത്.
- റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ റിസര്‍വ് ബാങ്ക് ഇന്നോവേഷന്‍ ഹബ്ബാണ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്.
: തടസങ്ങളില്ലാതെ വായ്പ ലഭ്യമാക്കാന്‍ പബ്ലിക് ടെക് പ്ലാറ്റ്‌ഫോമുമായി ആര്‍ബിഐ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ റിസര്‍വ് ബാങ്ക് ഇന്നോവേഷന്‍ ഹബ്ബാണ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 17 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. വായ്പ പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കുക, വായ്പ ചെലവ് ചുരുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെയാണ് പുതിയ പ്ലാറ്റ്‌ഫോം ആര്‍ബിഐ അവതരിപ്പിക്കുന്നത്. കൂടാതെ, വായ്പ ലഭ്യമാക്കുന്നവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഡിജിറ്റലായി തടസങ്ങളില്ലാതെ ലഭ്യമാക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു.
സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തടസങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന നിലവാരത്തില്‍ തുറന്ന രൂപഘടന, ഓപണ്‍ ആപ്ലിക്കേഷന്‍ ഇന്റര്‍ഫേസ് (എപിഐ) എന്നിവയെല്ലാമുള്ള പ്ലഗ് ആന്‍ഡ് പ്ലേ പ്ലാറ്റ്‌ഫോമാണിത്. വിവരങ്ങള്‍ നല്‍കേണ്ടവര്‍ക്കും, അത് ഉപയോഗിക്കേണ്ടവര്‍ക്കും ആവശ്യമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൈലറ്റ് പ്രോജക്ടാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 1.6 ലക്ഷം രൂപ വരെയുള്ള കിസാന്‍ ക്രെഡിറ്റ് വായ്പകള്‍, ക്ഷീര കര്‍ഷകര്‍ക്കുള്ള വായ്പകള്‍, കൊളാറ്ററല്‍ സെക്യൂരിറ്റി ആവശ്യമില്ലാത്ത ചെറുകിട വായ്പകള്‍, പദ്ധതിയില്‍ പങ്കാളികളായിട്ടുള്ള ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത വായ്പകള്‍, ഭവന വായ്പകള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.
ഡിജിറ്റലായി വായ്പ നല്‍കുന്നതിനു മുമ്പ് വായ്പ യോഗ്യത പരിശോധിക്കാനാവശ്യമായ രേഖകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിക്കുന്ന (അക്കൗണ്ട് അഗ്രഗേറ്റേഴ്‌സ്), ബാങ്കുകള്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍, ഡിജിറ്റല്‍ ഐഡന്റിറ്റി അതോറിറ്റികള്‍ എന്നിവ നല്‍കും. ആധാര്‍-ഇകെവൈസി, സംസ്ഥാന സര്‍ക്കാരുകളുടെ കൈവശമുള്ള ഭൂമി സംബന്ധമായ രേഖകള്‍ (മധ്യപ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര), സാറ്റലൈറ്റ് ഡേറ്റ, പാന്‍ സാധുത പരിശോധന, ട്രാന്‍സ്ലിറ്ററേഷന്‍, ആധാര്‍ ഇ-സൈനിംഗ്, അക്കൗണ്ട് അഗ്രഗേഷന്‍, തെരഞ്ഞെടുത്ത ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നുമുള്ള പാലിന്റെ അളവ് സംബന്ധിച്ച വിവരങ്ങള്‍, വീട്, വസ്തു എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയെല്ലാം ഈ പ്ലാറ്റ്‌ഫോം വഴി സാധ്യമാകും. പഠനങ്ങളുടെ അടിസ്ഥാനചത്തില്‍, പൈലറ്റ് സമയത്ത് കൂടുതല്‍ ഉത്പന്നങ്ങളെയും വിവര ദാതാക്കളെയും വായ് ദാതാക്കളെ ഉള്‍പ്പെടുത്തി സാധ്യതകളും, സമഗ്രതയും വിപുലീകരിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
ബാങ്കുകള്‍, ബാങ്കേതര ധനകാര്യ സ്ഥാപനങ്ങള്‍, ഫിന്‍ടെക് കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് നൂതനമായ പേയ്‌മെന്റ് സംവിധാനങ്ങള്‍, വായ്പ സംവിധാനങ്ങള്‍, മറ്റ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ എന്നിവ സൃഷ്ടിക്കാന്‍ പ്രോത്സാഹനം നല്‍കുന്നതാണ് ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന ആശയം.
