40 ലക്ഷത്തില്‍നിന്ന് 1 കോടിയിലേക്ക്: ബ്രാന്‍ഡ് മൂല്യത്തിലും ഷമി ഒന്നാമന്‍

10 ദശലക്ഷം ഫോളോവേഴ്‌സാണ് ഷമിക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളത്

Update: 2023-11-17 05:51 GMT

ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനം ഇന്ത്യന്‍ ടീമിലെ സ്റ്റാര്‍ ബൗളറായ മുഹമ്മദ് ഷമിയുടെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തിയിരിക്കുകയാണ്.

നവംബര്‍ 15ന് നടന്ന ഇന്ത്യ-ന്യുസിലന്‍ഡ് സെമി ഫൈനലില്‍ ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരെ പ്രശംസ ഷമിക്ക് ലഭിച്ചിരുന്നു.

ന്യുട്രീഷന്‍ ആന്‍ഡ് ഹെല്‍ത്ത്, ബെവ്‌റേജസ്, ഇലക്ട്രോണിക്‌സ്, ഹെഡ്‌ഫോണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഷമിയെ ബ്രാന്‍ഡ് അംബാസഡറാക്കാനുള്ള തിരക്കിലാണിപ്പോഴെന്ന് ഫ്‌ളെയര്‍ മീഡിയ സ്ഥാപകന്‍ സൗരജിത്ത് ചാറ്റര്‍ജി പറഞ്ഞു.

33-കാരനായ ഷമിയെ പ്രതിനിധീകരിക്കുന്ന കൊല്‍ക്കത്ത ആസ്ഥാനമായുള്ള അത്‌ലറ്റ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയാണു ഫ്‌ളെയര്‍ മീഡിയ.

ഷമിയുമായി സഹകരിക്കാന്‍ താല്‍പര്യം അറിയിച്ചു കൊണ്ടു കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചയായി നിരവധി ഇമെയ്‌ലും ഫോണ്‍ കോളും ലഭിക്കുന്നുണ്ടെന്നും സൗരജിത്ത് ചാറ്റര്‍ജി പറഞ്ഞു.

ലോകകപ്പ് 2023 ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്നായി ഷമി 23 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളതും ഷമിയാണ്.



ആദം സാംപയാണ് രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയന്‍ ബൗളറായ സാംപ 22 വിക്കറ്റും നേടിയിട്ടുണ്ട്.

ലോകകപ്പ് ടൂര്‍ണമെന്റിനു മുന്‍പ് ഷമി ബ്രാന്‍ഡ് പ്രചാരണത്തിനായി ഈടാക്കിയിരുന്നത് 40-50 ലക്ഷം രൂപയായിരുന്നു.

പ്യുമ, ഹെല്‍ എനര്‍ജി ഡ്രിങ്ക്, വിഷന്‍ 11 ഫാന്റസി ആപ്പ് തുടങ്ങിയ ബ്രാന്‍ഡുകളാണു ഷമിയുമായി സഹകരിക്കുന്നത്. ഇവരെല്ലാം ലോകകപ്പ് ടൂര്‍ണമെന്റിനു മുന്‍പു തന്നെ ഷമിയുമായി സഹകരിച്ചു തുടങ്ങിയവരാണ്. അത് ബ്രാന്‍ഡുകള്‍ക്ക് ഏറെ ഗുണകരമാവുകയും ചെയ്തിരിക്കുകയാണിപ്പോള്‍.

10 ദശലക്ഷം ഫോളോവേഴ്‌സാണ് ഷമിക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളത്.

Tags:    

Similar News