എയര്‍ടെല്‍ ഓഹരി മുന്നേറി; സുനില്‍ മിത്തലിന്റെ ആസ്തിയില്‍ വര്‍ധന
- 2024 ജനുവരി മുതല്‍ സുനില്‍ മിത്തലിന്റെയും കുടുംബത്തിന്റെയും സമ്പത്തില്‍ 3.8 ബില്യന്‍ ഡോളറിന്റെ വര്‍ധനയാണുണ്ടായത്
- എയര്‍ടെല്‍ ഓഹരിയിലുണ്ടായ മുന്നേറ്റമാണു സുനില്‍ മിത്തലിന്റെ ആസ്തിയില്‍ വര്‍ധനയുണ്ടാകാന്‍ സഹായകരമായത്
- ഉരുക്ക് വ്യവസായ രംഗത്തെ അതികായനാണ് ലക്ഷ്മി മിത്തല്‍
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭാരതി എയര്‍ടെല്‍ ഓഹരിയിലുണ്ടായ കുതിപ്പ് സുനില്‍ മിത്തലിന്റെ ആസ്തി 19.7 ബില്യന്‍ ഡോളറായി ഉയര്‍ത്തി. ഇതോടെ ആസ്തി മൂല്യത്തില്‍ ലക്ഷ്മി മിത്തലിനെ സുനില്‍ മിത്തല്‍ മറികടക്കുകയും ചെയ്തു.
ഭാരതി എന്റര്‍പ്രൈസസിന്റെ ചെയര്‍മാനും സ്ഥാപകനുമാണു സുനില്‍ മിത്തല്‍.
ഉരുക്ക് വ്യവസായ രംഗത്തെ അതികായനാണ് ലക്ഷ്മി മിത്തല്‍.
എയര്‍ടെല്‍ ഓഹരിയിലുണ്ടായ മുന്നേറ്റമാണു സുനില്‍ മിത്തലിന്റെ ആസ്തിയില്‍ വര്‍ധനയുണ്ടാകാന്‍ സഹായകരമായത്.
ഇപ്പോള്‍ രാജ്യത്തെ ഏറ്റവും സമ്പന്നരായ 10 വ്യക്തികളില്‍ ഒരാള്‍ കൂടിയാണു സുനില്‍ മിത്തല്‍.
2024 ജനുവരി മുതല്‍ സുനില്‍ മിത്തലിന്റെയും കുടുംബത്തിന്റെയും സമ്പത്തില്‍ 3.8 ബില്യന്‍ ഡോളറിന്റെ വര്‍ധനയാണുണ്ടായത്.
മറുവശത്ത് ഈ കാലയളവില്‍ ലക്ഷ്മി മിത്തലിന്റെ സമ്പത്തില്‍ ഏകദേശം 1 ബില്യന്‍ ഡോളര്‍ ഇടിഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഉരുക്ക് നിര്‍മാതാവാണ് ആര്‍സലര്‍ മിത്തല്‍. ലക്ഷ്മി മിത്തല്‍, ആര്‍സലര്‍ മിത്തലിന്റെ ചെയര്‍മാനും ഏറ്റവും വലിയ ഓഹരിഉടമയുമാണ്. കഴിഞ്ഞ വര്‍ഷം ആര്‍സലര്‍ മിത്തലിന്റെ ഓഹരിയില്‍ 11.4 ശതമാനം ഇടിവാണുണ്ടായത്.
ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള ആര്‍സലര്‍ മിത്തലിന് 59 രാജ്യങ്ങളില്‍ ഖനനം, ഊര്‍ജ്ജം, റിഫൈനിംഗ് ഓപ്പറേഷന്‍സ് എന്നിവയുണ്ട്.
ബ്‌ളൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം, 2024-ന്റെ തുടക്കത്തില്‍ സമ്പന്നപ്പട്ടികയില്‍ 13-ാം സ്ഥാനമായിരുന്നു സുനില്‍ മിത്തല്‍ അലങ്കരിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും സമ്പന്നരായ 10 വ്യക്തികളില്‍ ഒരാളായി മാറിയത്.
ഭാരതി എയര്‍ടെല്ലിലെ ഓഹരികളാണ് സുനില്‍ മിത്തലിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും സമ്മാനിക്കുന്നത്.
28 ശതമാനം വരും എയര്‍ടെല്ലിലെ സുനില്‍ മിത്തലിന്റെ ഓഹരി പങ്കാളിത്തം.
ഭാരതി എയര്‍ടെല്ലിനു പുറമെ, പുതുതായി ലിസ്റ്റ് ചെയ്ത മൊബൈല്‍ സേവന ദാതാക്കളായ ഭാരതി ഹെക്‌സാകോമിന്റെ 70 ശതമാനവും സുനില്‍ മിത്തലിന്റെ കൈവശമുണ്ട്. 91.84 ബില്യന്‍ ഡോളറാണ് ഭാരതി എയര്‍ടെല്ലിന്റെ വിപണിമൂല്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് കഴിഞ്ഞാല്‍ വിപണി മൂല്യത്തില്‍ നാലാം സ്ഥാനം അലങ്കരിക്കുന്ന കമ്പനി കൂടിയാണ്.
