സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി
സ്‌പെഷ്യല്‍ മാരേജ് ആക്റ്റ്, വിദേശ വിവാഹ നിയമം എന്നിവയിലെ നിയമസാധുതകള്‍ പരിശോധിച്ച ശേഷമാണു കോടതി വിധി പ്രസ്താവം
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.
ഈ വര്‍ഷം മേയ് 11നു ഇതു സംബന്ധിച്ച ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നു. അഞ്ച് മാസങ്ങള്‍ക്കു ശേഷം ഇന്നാണ് (ഒക്ടോബര്‍ 17) വിധി പറഞ്ഞത്.
സ്‌പെഷ്യല്‍ മാരേജ് ആക്റ്റ്, വിദേശ വിവാഹ നിയമം എന്നിവയിലെ നിയമസാധുതകള്‍ പരിശോധിച്ച ശേഷമാണു കോടതി വിധി പ്രസ്താവം നടത്തിയത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്നു വ്യക്തമാക്കിയ കോടതി സ്വവര്‍ഗ പ്രേമികളുടെ ആവശ്യങ്ങളും അവകാശങ്ങളും പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന തീരുമാനം കൈക്കൊണ്ടത്.
ചീഫ് ജസ്റ്റിസാണ് ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെ അനുകൂലിച്ചു.
എന്നാല്‍, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ തുടങ്ങിയവര്‍ എതിര്‍ത്തു. 3-2ന് ഹര്‍ജികള്‍ തള്ളി.
