ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ശരിവെച്ച് സുപ്രീംകോടതി

  • രാഷ്ട്രപതിയുടെ വിജ്ഞാപനത്തിനെതിരെ തീരുമാനമെടുക്കാനാവില്ല
  • ആര്‍ട്ടിക്കിള്‍ 370 ഒരു താല്‍ക്കാലിക വ്യവസ്ഥയായിരുന്നു
  • ലയനത്തോടെ ജമ്മുകശ്മീര്‍ ഇന്ത്യന്‍ ഭരണഘടനക്ക് വിധേയം

Update: 2023-12-11 09:37 GMT

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച് സുപ്രീംകോടതി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനത്തിനെതിരെ തീരുമാനമെടുക്കാന്‍ കോടതിക്കാവില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ വിധി പ്രസ്താവിക്കുകയായിരുന്നു സുപ്രീംകോടതി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെയും കേന്ദ്രത്തിന്റെയും അവകാശം ഉയര്‍ത്തിപ്പിടിച്ച ചീഫ് ജസ്റ്റിസ് , ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിന് ശേഷം ജമ്മു കശ്മീരിന് സ്വതന്ത്ര പരമാധികാരം നിലനിര്‍ത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

'ലയനത്തോടെ ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമായി. അതിനുശേഷം കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 356 പ്രകാരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് ശേഷം പ്രയോഗിക്കേണ്ട അധികാരങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 ഒരു താല്‍ക്കാലിക വ്യവസ്ഥയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജമ്മു കശ്മീരിലെ ഭരണഘടനാ അസംബ്ലിയുടെ ശുപാര്‍ശ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തവര്‍ഷം സെപ്റ്റംബര്‍ 30നകം ജമ്മുകാശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഭരണഘടനാബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്.

Tags:    

Similar News