സ്വിഗ്ഗിയുടെ പുതിയ ഫീച്ചര്‍ ' Swiggy Pawlice ' കാണാതായ വളര്‍ത്തു മൃഗങ്ങളെ കണ്ടെത്താന്‍ സഹായിക്കും
- സ്വിഗ്ഗി പാലിസ് (Swiggy Pawlice) എന്നാണ് പുതിയ ഫീച്ചറിന്റെ പേര്
- വളര്‍ത്തു മൃഗത്തെ കണ്ടെത്താന്‍ സഹായിക്കുന്ന ഡെലിവറി പാര്‍ട്ണര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് സ്വിഗ്ഗി
- 3.5 ലക്ഷത്തിലധികം ഡെലിവറി പാര്‍ട്ണര്‍മാരുള്ള വിപുലമായ സംവിധാനമുള്ള ശൃംഖലയാണു സ്വിഗ്ഗി
ഇഷ്ടഭക്ഷണം നിസാരനേരം കൊണ്ട് നമ്മള്‍ക്ക് മുന്‍പില്‍ എത്തിച്ചു തരുന്ന സ്വിഗ്ഗി പുതിയ സേവനവുമായി രംഗത്തുവന്നു.
വളര്‍ത്തുമൃഗങ്ങളെ കാണാതാവുകയാണെങ്കില്‍ അവയെ കണ്ടെത്താന്‍ സഹായിക്കുന്നതിനുള്ള സംവിധാനമാണ് സ്വിഗ്ഗി ഇപ്പോള്‍ ആപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സ്വിഗ്ഗി പാലിസ് (Swiggy Pawlice) എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. ഫുഡ് ആപ്പിനുള്ളില്‍ തന്നെയാണ് ഈ ഫീച്ചറുള്ളത്.
ഇതു പ്രകാരം, ഒരു ഉടമയ്ക്ക് വളര്‍ത്തു മൃഗങ്ങളെ നഷ്ടപ്പെട്ടാല്‍ ഫോട്ടോയും, വിവരങ്ങളുമടക്കം അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാം. 3.5 ലക്ഷത്തിലധികം ഡെലിവറി പാര്‍ട്ണര്‍മാരുള്ള വിപുലമായ സംവിധാനമുള്ള ശൃംഖലയാണു സ്വിഗ്ഗി. ഇവരും ഈ ഉദ്യമത്തില്‍ പങ്കാളികളാവുന്നുണ്ട്.
നിരത്തുകളില്‍ ധാരാളം സമയം ചെലവഴിക്കുന്നവരാണ് ഡെലിവറി പാര്‍ട്ണര്‍മാര്‍. വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ അതു കൊണ്ടു തന്നെ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് വലിയൊരു അളവില്‍ സാധിക്കുകയും ചെയ്യും.
കാരണം വീട്ടില്‍ ഓമനിച്ച് വളര്‍ത്തുന്ന മൃഗങ്ങളെ കാണാതാവുമ്പോള്‍ ആദ്യം ഉടമസ്ഥര്‍ അന്വേഷിക്കുന്നത് വീടിനു പുറത്തുള്ള വഴിയിലും മറ്റുമായിരിക്കും.
ഒരു ഡെലിവറി പാര്‍ട്ണര്‍ കാണാതായ വളര്‍ത്തു മൃഗങ്ങളെ കണ്ടെത്തിയാല്‍, അതിനെ അപ്പോള്‍ തന്നെ പിടിക്കാന്‍ ശ്രമിക്കരുതെന്നു സ്വിഗ്ഗി അറിയിച്ചിട്ടുണ്ട്. പകരം, ഉടന്‍ തന്നെ അക്കാര്യം സ്വിഗ്ഗിയില്‍ ഇതിനായി നിയോഗിച്ചിരിക്കുന്ന പ്രത്യേക സംഘത്തെ അറിയിച്ചാല്‍ മതിയാകുമെന്നാണു നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇപ്രകാരം അറിയിക്കുമ്പോള്‍, സ്വിഗ്ഗിയുടെ പ്രത്യേക ടീം വളര്‍ത്തു മൃഗത്തിന്റെ ഉടമയുമായി ആ വിവരങ്ങള്‍ വേഗത്തില്‍ പങ്കിടും. അവരെ വളര്‍ത്തു മൃഗത്തെ കണ്ടെത്തിയ ലൊക്കേഷനിലേക്ക് പോകാന്‍ സഹായിക്കും. ഇത്തരത്തില്‍ വളര്‍ത്തു മൃഗത്തെ കണ്ടെത്താന്‍ സഹായിക്കുന്ന ഡെലിവറി പാര്‍ട്ണര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുമുണ്ട് സ്വിഗ്ഗി.
