ഒഴുകുന്ന കൊട്ടാരത്തിലിരുന്ന് കാഴ്ച കാണാം; കൊച്ചിയില്‍ ക്രൂസ് സര്‍വീസുമായി ജലഗതാഗത വകുപ്പ്

  • പരീക്ഷണ ഓട്ടം പുരോഗമിക്കുന്നു
  • ക്രൂസില്‍ ഭക്ഷണം ഉണ്ടാകും. ഇതിനായി കുടുംബശ്രീയുമായി സഹകരണം ഉറപ്പാക്കിയിട്ടുണ്ട്
  • സോളാറിലായിരിക്കും ക്രൂസ് ബോട്ട് പ്രവര്‍ത്തിക്കുന്നത്

Update: 2023-10-30 06:30 GMT

സംസ്ഥാന ജലഗതാഗത വകുപ്പ് കൊച്ചിയില്‍ ക്രൂസ് ബോട്ട് സര്‍വീസ് ആരംഭിക്കുന്നു. മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിച്ച് ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, ബോള്‍ഗാട്ടി ഉള്‍പ്പെടെ ടൂറിസം പ്രാധാന്യമുള്ള പ്രദേശങ്ങളിലൂടെ മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ക്രൂസ് സര്‍വീസ് ആരംഭിക്കാനാണു തീരുമാനം. 100 യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതായിരിക്കും ക്രൂസ്.

ഇപ്പോള്‍ പരീക്ഷണ ഓട്ടം നടത്തുകയാണെന്നും ഉടന്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്നും ജലഗതാഗത വകുപ്പ് എറണാകുളം മേഖലാ ട്രാഫിക് സൂപ്രണ്ട് എം.സുജിത് പറഞ്ഞു.

ക്രൂസില്‍ ഭക്ഷണം ഉണ്ടാകും. ഇതിനായി കുടുംബശ്രീയുമായി സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ക്രൂസ് ബോട്ട് സോളാറിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

കൊച്ചിയില്‍ ജലഗതാഗത വകുപ്പ് പ്രധാനമായും ഫെറി ബോട്ട് സര്‍വീസാണു നടത്തുന്നത്. എറണാകുളം-മട്ടാഞ്ചേരി, എറണാകുളം-ഫോര്‍ട്ട്‌കൊച്ചി, എറണാകുളം-മുളവുകാട് തുടങ്ങിയ റൂട്ടുകളിലാണു സര്‍വീസ്. എറണാകുളത്ത് ക്രൂസ് സര്‍വീസിലേക്ക് ഇത് ആദ്യമായിട്ടാണ് ജലഗതാഗത വകുപ്പ് പ്രവേശിക്കുന്നത്. ആലപ്പുഴയിലും മറ്റ് ജില്ലകളിലും ജലഗതാഗത വകുപ്പ് ക്രൂസ് ബോട്ട് സര്‍വീസ് ഓപറേറ്റ് ചെയ്യുന്നുണ്ട്.

സര്‍ക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള കിന്‍കോയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ കൊച്ചിയില്‍ ക്രൂസ് സര്‍വീസ് നടത്തുന്നുണ്ട്.

നെഫര്‍റ്റിറ്റി സീ ക്രൂയിസ്, സാഗര്‍റാണി സീ ക്രൂസ് എന്നിവയാണ് പ്രധാനമായും കിന്‍കോയുടെ നേതൃത്വത്തില്‍ നടത്തുന്ന ക്രൂസ് സര്‍വീസ്.

Tags:    

Similar News