എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഇനി ഒറ്റപ്പരീക്ഷ മാത്രം
- എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഒറ്റത്തവണ പരീക്ഷ നടത്താൻ പിഎസ്‌സി യോഗം തീരുമാനിച്ചു
- എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു
എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഒറ്റത്തവണ പരീക്ഷ പുനഃസ്ഥാപിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. 2020 ഡിസംബറിലായിരുന്നു പരീക്ഷകൾ രണ്ടു ഘട്ടമാക്കിയത്. അപേക്ഷകരുടെ എണ്ണം കുറച്ച് വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത് നടപ്പിലാക്കിയത്. എന്നാൽ തുടക്കം മുതലേ ഇത് വൻ പരാജയമായിരുന്നു. പുതിയ തീരുമാന പ്രകാരം ഒരു ഉദ്യോഗാർഥി തന്നെ പ്രാഥമിക ,മെയിൻ പരീക്ഷ എഴുതുന്ന രീതി ഒഴുവാക്കി ഒറ്റത്തവണയുള്ള പരീക്ഷ കൊണ്ട് തന്നെ റാങ്ക് പട്ടികയിൽ സ്ഥാനമുറപ്പിക്കാൻ കഴിയും.
പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളുടെ എണ്ണത്തിലുള്ള കൂടുതൽ, ചെലവ് കുറയ്ക്കൽ, ഫലം പ്രസിദ്ധികരിക്കാനുള്ള എളുപ്പം, തുടങ്ങിയവയാണ് പരീക്ഷകൾ രണ്ടു ഘട്ടമാക്കാനുള്ള കാരണമായി പിഎസ്‌സി കണ്ടെത്തിയിരുന്നത്. മുൻ ചെയർമാൻ എം കെ സക്കിർ കൊണ്ടുവന്ന പരിഷ്കരണമാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. ഉദ്യോഗാർഥികൾ കാത്തിരുന്ന എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു. എൽഡി ക്ലർക്ക് തസ്തികയുടെ വിജ്ഞാപനം നവംബർ 30 തിനും ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്കുള്ള വിജ്ഞാപനം ഡിസംബറിലും പുറപ്പെടുവിക്കും.
