ഇന്ത്യയുമായി വ്യാപാര കരാറിലേര്‍പ്പെടാന്‍ ലോകം ആഗ്രഹിക്കുന്നു: പീയുഷ് ഗോയല്‍
ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ സ്ഥാപിക്കാനും നയതന്ത്ര ബന്ധം വികസിപ്പിക്കാനും ലോകം ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ ആഗോള നിക്ഷേപ സംഗമം ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ യുവജനത അവരുടെ ജനസംഖ്യാ ലാഭവിഹിതം രാജ്യത്തിന് നല്‍കിയിട്ടുണ്ട് ഇത് ലോകത്തിന് അസൂയയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ കൂടുതലായി തൊഴില്‍ ശക്തിയിലേക്ക് വരുമ്പോള്‍ അത് ജിഡിപിയില്‍ വര്‍ധനയുണ്ടാക്കുക മാത്രമല്ല ചെയ്യുന്നത്. ജിഡിപിയില്‍ ഇരട്ടി വര്‍ധനയാണുണ്ടാകുന്നത്. കാരണം അവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടികരിക്കുന്ന ജോലികളില്‍ പലതും ജിഡിപിയില്‍ പ്രതിഫലിക്കുന്നില്ല. എന്നാല്‍ അത് സാങ്കേതിക വിദ്യകളിലേക്ക് മാറ്റപ്പെടുന്നതോടെ ഇന്ത്യ വാഷിംഗ് മെഷീനുകള്‍, ഡിഷ് വാഷറുകള്‍ എന്നിവയുടെ ഏറ്റവും വലിയ വിപണിയായി മാറും.
ശരാശരി പ്രായം 28.4 ആയതിനാല്‍ വിവിധ മേഖലകളില്‍ നടക്കുന്ന വികസനം യുവ ജനസംഖ്യയുടെ ശക്തിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, ജലം, ഡിജിറ്റല്‍ കണക്റ്റിവിറ്റി, വായു, റോഡ്, തുറമുഖങ്ങള്‍, റെയില്‍ തുടങ്ങി നിരവധി ക്ഷേമ സംരംഭങ്ങളിലൂടെ ഈ യുവ ജനസംഖ്യയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് ലക്ഷ്യം അതിനാവശ്യമായതെല്ലാം ചെയ്തിട്ടുണ്ട്. 'ഇത് രണ്ട് പ്രധാന അടിസ്ഥാന ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നതാണ്. ഒന്നാമത്തേത് സ്ത്രീകള്‍ നയിക്കുന്ന വികസനം. രണ്ടാമത്തേത് ഇന്ത്യയെ അഴിമതി മുക്തമാക്കുക എന്നിവയാണ്.
2030 ഓടെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ഒരു ട്രില്യണ്‍ (ലക്ഷം കോടി) യുഎസ് ഡോളറായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടതിന് തമിഴ്‌നാട് സര്‍ക്കാരിനെ അഭിനന്ദിച്ച ഗോയല്‍, ഈ അഭിലാഷം വ്യവസായവല്‍ക്കരണത്തിനും സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നും പറഞ്ഞു.
ആഗോള നിക്ഷേപക സംഗമം സാമ്പത്തിക, വ്യാവസായിക വളര്‍ച്ചയ്ക്ക് ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് സെമികണ്ടക്ടര്‍, നൂതന ഇലക്ട്രോണിക്‌സ് നയം പുറത്തിറക്കിയ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച രൂപപ്പെടുത്തുന്നതില്‍ തമിഴ്‌നാട് ഒരു പ്രധാന പങ്ക് വഹിക്കണമെന്ന ലക്ഷ്യത്തോടെ, 2030 ഓടെ തമിഴ്‌നാടിന്റെ സമ്പദ് വ്യവസ്ഥയെ ഒരു ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയെന്ന മഹത്തായ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. ഇത് നേടുന്നതിന്, മൂലധനവും തൊഴില്‍ കേന്ദ്രീകൃത നിക്ഷേപവും ആകര്‍ഷിക്കുന്നതിനുള്ള ഇരട്ടമുഖ സമീപനമാണ് പിന്തുടരുന്നത്,' സ്റ്റാലിന്‍ പറഞ്ഞു.
ടി വി എസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ജെ എസ് ഡബ്ല്യു എം ഡി സജ്ജന്‍ ജിന്‍ഡാല്‍, അശോക് ലെയ് ലാന്‍ഡ് എം ഡി ഷെനു അഗര്‍വാള്‍ TNGIM2024 ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയിലെ മൊത്തം വനിതാ തൊഴിലാളികളുടെ 43 ശതമാനം സംഭാവന ചെയ്യുന്നത് തമിഴ്‌നാടാണ്. ഇത് തൊഴില്‍ നൈപുണ്യ വൈദഗ്ധ്യത്തില്‍ ദേശീയ മാനദണ്ഡത്തെയും മറികടക്കുന്നു.
