ഇന്റേണ്‍ഷിപ്പിന് നല്‍കുന്ന സ്റ്റൈപ്പന്‍ഡ് 3 ലക്ഷം രൂപ
- ജോലി വളരെ നിസാരമെന്ന് തോന്നുമെങ്കിലും സംഗതി അത് അങ്ങനെയല്ലെന്ന് കമ്പനി പറയുന്നു
- ജോലിക്കായി 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും അപേക്ഷിക്കാം
- അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 10 ആണ്
പ്രമുഖമായ ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പ്പന്ന കമ്പനിയാണ് ബ്രിട്ടാനിയ. കമ്പനി കഴിഞ്ഞ ദിവസം കൗതുകരമെന്നു തോന്നിപ്പിക്കുന്ന ഒരു പരസ്യം ചെയ്തു.
കമ്പനിയിലേക്ക് ഒരു ദിവസം ഒരു ഉച്ചാരണ വിദഗ്ധന്റെ ആവശ്യമുണ്ടെന്ന് അറിയിച്ചു കൊണ്ടായിരുന്നു പരസ്യം.
ഒറ്റ ദിവസത്തെ ജോലി ചെയ്തു കഴിയുമ്പോള്‍ പ്രതിഫലമായി നല്‍കുക 3 ലക്ഷം രൂപ.
ഈ പരസ്യം പലരും ഞെട്ടലോടെയാണ് കണ്ടത്. പരസ്യത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ജോലിയെ കുറിച്ച് അറിയുമ്പോള്‍ പിന്നെയും ഞെട്ടും. കാരണം ബ്രിട്ടാനിയ ഓഫീസില്‍ മുഴുവന്‍ നടന്ന് ' ക്രോയ്‌സന്റ് ' (croissant) എന്ന വാക്ക് തെറ്റായി ഉച്ചരിക്കുന്നവരെ തിരുത്തണം. അതാണ് നിര്‍വഹിക്കേണ്ട ജോലി.
ഫ്രഞ്ച് റോളാണ് ക്രോയ്‌സന്റ്. ചന്ദ്രക്കലയുടെ രൂപത്തിലുള്ള ഒരു റൊട്ടിയാണിത്. ഈ ഫ്രഞ്ച് പലഹാരം ഇന്ത്യയില്‍ വളരെ പ്രസിദ്ധമാണ്.
ജോലി വളരെ നിസാരമെന്ന് തോന്നുമെങ്കിലും സംഗതി അത് അങ്ങനെയല്ലെന്ന് കമ്പനി പറയുന്നു.
ഈ വാക്ക് ഫ്രഞ്ചുകാരെ പോലെ ചുരുക്കം ചില ഇന്ത്യക്കാര്‍ക്ക് മാത്രമേ ഉച്ചരിക്കാന്‍ കഴിയൂ.
ഈ ജോലിക്കായി 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും അപേക്ഷിക്കാമെന്നു കമ്പനി പറയുന്നു. ബ്രിട്ടാനിയയുടെ വാട്‌സ് ആപ്പ് ചാനലിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ബ്രിട്ടാനിയ ക്രോയ്‌സന്റിന്റെ ഇന്‍സ്റ്റാഗ്രാം ബയോയില്‍ ലഭ്യമാണ്.
വാട്‌സ് ആപ്പിലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയതിന് ശേഷം, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ആദ്യത്തേത്,
ബ്രിട്ടാനിയ ക്രോയ്‌സന്റിന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ഫോളോ ചെയ്യുക എന്നതാണ്.
രണ്ടാമത്തേത്, ഇന്റേണ്‍ഷിപ്പിന് എന്തു കൊണ്ട് അവരെ തിരഞ്ഞെടുക്കണം ? എന്നതിനുള്ള ഉത്തരം കമന്റ് ബോക്‌സില്‍ എഴുതി പോസ്റ്റ് ചെയ്യണം.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 10 ആണ്.
മീം മാര്‍ക്കറ്റിംഗ് ഏജന്‍സിയായ യങ്ഗണ്‍ ആണ് ഈ ഇന്റേണ്‍ഷിപ്പ് ആശയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.
