ടിവികെയ്ക്ക് ഇന്ന് നിര്‍ണായകം; കരൂര്‍ ദുരന്തത്തിലെ മരണസംഖ്യ ഉയര്‍ന്നു

സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന വിജയ് യുടെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

Update: 2025-09-29 03:39 GMT

തമിഴ് സൂപ്പര്‍താരം വിജയ് നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയ്ക്ക് ഇന്ന് നിര്‍ണായക ദിനം. കരൂര്‍ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിനും ഹര്‍ജിയിലെ കോടതി നിലപാട് നിര്‍ണായകമാണ്. അതിനിടെ കരൂരിലെ റാലിയിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ടിവികെ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ടിവികെയ്ക്ക് എതിരായും രണ്ട് പരാതികള്‍ കോടതിയില്‍ എത്തിയിട്ടുണ്ട്. അതിലൊന്ന് പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ തന്നെ റദ്ദാക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തിയിട്ടുള്ളത്.

മുന്‍പ് വ്യക്തമായ സൂചനകള്‍ ലഭ്യമായിരുന്നിട്ടും ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നതിനായി വിജയ് സംസ്ഥാന പര്യടനം നടത്തിവരികയായിരുന്നു. നാമക്കല്ലില്‍ നടത്തിയ വിജയകരമായ റാലിക്കുശേഷമാണ് ടിവികെ നേതാവ് കരൂരിലെത്തിയത്. എന്നാല്‍ ഒരു ഇടുങ്ങിയ പ്രദേശത്ത് പ്രതീക്ഷിച്ചതിലുമേറെ ജനം തടിച്ചുകൂടിയത് പ്രശ്‌നങ്ങള്‍ക്ക് കാരണമായി.

സംസ്ഥാനത്ത് നടനും രാഷ്ട്രീയ നേതാവുമായ വിജയിനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നുണ്ട്. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലേക്ക് വിജയ് മാറിയിട്ടില്ല എന്നാണ് പൊതുവായ വിലയിരുത്തല്‍. ജനം ഇപ്പോഴും കാണാനെത്തുന്നത് നേതാവിനെയല്ല, മറിച്ച് സിനിമകളിലെ സൂപ്പര്‍ താരത്തെയാണ്.

കരൂര്‍ ദുരന്തം ടിവികെയ്ക്ക് കനത്ത തിരിച്ചടിയാണ്. ഇനി എന്തെല്ലാം പ്രതിവിധികള്‍ ചെയ്താലും അതില്‍നിന്ന് പുറത്തുവരിക ഏറെ ശ്രമകരമാണ്. കൂടാതെ ഈ അവസരം മറ്റ് പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുന്നതും ടിവികെയ്ക്ക് തിരിച്ചടിയാണ്.

ഉച്ചക്ക് 2.30 നാണ് റാലിക്കായി അനുമതി നല്‍കിയിരുന്നത്. എന്നാല്‍ വിജയ് സ്ഥലത്തെത്തുമ്പോള്‍ സമയം രാത്രി 7.30 കഴിഞ്ഞിരുന്നു. രാവിലെ മുതല്‍ വിശപ്പും ദാഹവും ഒഴിവാക്കി ജനം അവിടെത്തന്നെ കാത്തുനിന്നതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. റാലിയുടെ സമയം പലരും നിര്‍ജ്ജലീകരണം കാരണം തളര്‍ന്നുവീണിരുന്നു. അതിനുശേഷമാണ് ജനങ്ങള്‍ക്ക് കുടിവെള്ള വിതരണം ഉണ്ടായത്. എന്നാല്‍ ജനം ഇതൊന്നും വകവെക്കാതെ വിജയ് സഞ്ചരിച്ച വാഹനത്തിനുമുന്നിലും പിന്നിലും തടിച്ചുകൂടി. ഒപ്പം നടന്നുനീങ്ങുകയും ചെയ്തു. ഇത് തിരക്ക് വര്‍ധിപ്പിച്ചു.ഇതെല്ലാം ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു. 

Tags:    

Similar News