പുടിന്‍-സെലന്‍സ്‌കി കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുന്നു; പ്രതീക്ഷയെന്ന് ട്രംപ്
യുദ്ധം അവസാനിപ്പിക്കാന്‍ സഹായം വേണമെന്ന് സെലന്‍സ്‌കി
ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാല് വര്‍ഷം പഴക്കമുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച നീക്കമാണിതെന്ന് ട്രംപ് ഇതിനെ വിശേഷിപ്പിച്ചു.
യൂറോപ്യന്‍ നേതാക്കള്‍, നാറ്റോ ഉദ്യോഗസ്ഥര്‍, ഉക്രെയ്ന്‍ പ്രസിഡന്റ് എന്നിവരുമായി വൈറ്റ് ഹൗസില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിച്ച ട്രംപ്, സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദമെന്ന് പ്രഖ്യാപിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഫിന്നിഷ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
യൂറോപ്യന്‍ രാജ്യങ്ങള്‍ ഉക്രെയ്നിനുള്ള സുരക്ഷാ ഉറപ്പുകള്‍ നല്‍കുന്നതിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചതെന്ന് ട്രംപ് പറഞ്ഞു. വെടിനിര്‍ത്തല്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായില്ലെങ്കിലും ചര്‍ച്ചകള്‍ ഫലപ്രദമാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. പുടിന്‍-സെലന്‍സ്‌കി കൂടിക്കാഴ്ചക്കുള്ള വേദി പിന്നീട് തീരുമാനിക്കും. യുഎസ്-റഷ്യ-ഉക്രെയ്ന്‍ ഉച്ചകോടിക്കും തീരുമാനമായിട്ടുണ്ട്. സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ട്രംപ് പുടിനുമായി സംസാരിക്കുകയും ചെയ്തു.
അലാസ്‌ക ഉച്ചകോടിയിലെ ആതിഥ്യമര്യാദയ്ക്കും പുരോഗതിക്കും പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഊഷ്മളമായ നന്ദി പറഞ്ഞതായി ക്രെംലിന്‍ പറഞ്ഞു.
ഇരു രാജ്യങ്ങളും സമാധാനം ആഗ്രഹിക്കുന്നതായി ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. യുഎസ് നടത്തുന്ന സമാധാന ശ്രമങ്ങളെ ട്രംപുമായുള്ള ചര്‍ച്ചക്ക് ശേഷം അദ്ദേഹം പ്രകീര്‍ത്തിച്ചു.
