വികസന അജണ്ട നടപ്പാക്കാനുള്ള ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പ്രശംസിച്ച് യുഎൻ മേധാവി

  • ജി 20 അധ്യക്ഷ പദവിയിൽ ഇന്ത്യയെ പ്രശംസിച്ച് യു എൻ മേധാവി
  • വികസന അജണ്ട നടപ്പാക്കുമെന്ന വാഗ്ദാനം പാലിച്ച്‌ ഇന്ത്യ

Update: 2023-09-09 08:55 GMT

ദക്ഷിണ ആഗോള മേഖലക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയേയും വികസന അജണ്ട പിന്തുടരാനുള്ള ഇന്ത്യയുടെ നിശ്ചയ ദാർഢ്യത്തെയും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്രെസ്സ് പ്രശംസിച്ചു. ഇന്ത്യയുടെ നയം ലോകത്തിനു ആവശ്യമായ പരിവർത്തനാത്മകമായ മാറ്റത്തിലേക്ക് നയിക്കാൻ ഇന്ത്യയുടെ ജി 20 അധ്യക്ഷ സ്ഥാനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ജി 20 ഉച്ചകോടിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു ഭൂമി, ഒരു കുടുംബം, ഒരുഭാവി എന്ന ആശയത്തിലൂന്നിയ ഇന്ത്യയുടെ പ്രവർത്തനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു മഹാഉപനിഷത്തിൽ നിന്നാണ് ഇന്ത്യ ഈ ആശയത്തിന് പ്രചോദനം ഉൾക്കൊണ്ടതെന്നും ഈ ആദർശം കൊണ്ട് ലോകത്തിൽ ആഴത്തിലുള്ള അനുരണനം സംഭവിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വിഭജനങ്ങൾ വളരുന്ന, പിരിമുറുക്കങ്ങൾ കൂടുന്ന, വിശ്വാസം നശിക്കുന്ന ഈ കാലത്ത് ഛിന്നഭിന്നമാക്കലിന്റെയും അത്യന്തികമായ ഏറ്റുമുട്ടലിന്റെയും ഭീതി ഉണ്ടാക്കുന്നു. ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ കാലതീതമായ ആദർശത്തിന് കാലിക പ്രസക്തി ഏറുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

ജി 20 അധ്യക്ഷ പദവിയിൽ വികസന അജണ്ടയിൽ ഇന്ത്യ ശക്തമായ മുൻഗണന കൈക്കൊണ്ടിട്ടുണ്ടെന്നും ഉച്ച കോടിയുടെ തയ്യാറെടുപ്പിൽ ദക്ഷിണ ആഗോളമേഖലയുടെ താത്പര്യങ്ങളെ പ്രതിനിധീകരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ദക്ഷിണ ആഗോള മേഖലയെ പ്രതിനിധീകരിച്ച് മാത്രമല്ല, ജി 20 രാഷ്ട്രങ്ങളുടെ കേന്ദ്രസ്ഥാനത്തു നിന്ന് പ്രവർത്തിച്ച്കൊണ്ട് വികസന അജണ്ട നടപ്പാക്കുമെന്ന വാഗ്ദാനം ഇന്ത്യ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇന്ത്യയെ പ്രശംസിച്ചു.

റഷ്യ- ഉക്രൈൻ സംഘർഷത്തിൽ ഇന്ത്യയെ മധ്യസ്ഥനാക്കുന്നതിനെ സംബന്ധിച്ച മാധ്യമപ്രവർത്തരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഒരു സംഘർഷമുണ്ടാവുമ്പോൾ എല്ലാം മാധ്യസ്ഥ ശ്രമങ്ങളും വളരെ പ്രധാനമാണ്. സമീപഭാവിയിലൊന്നും സമാധാനപരമായ ഒരു പരിഹാരമുണ്ടാവുമെന്ന വലിയ പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു രാജ്യങ്ങളും സംഘർഷവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. തീർച്ചയായും ഈ നാടകീയ സാഹചര്യത്തിന് സാധ്യമായതെല്ലാം ചെയ്യാൻ ശ്രമിക്കേണ്ടതുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി 

ഇന്നത്തെ ലോകത്തെ പ്രതിഫലിപ്പിക്കുന്നതിനായി യു എൻ സുരക്ഷാ കൗൺസിൽ പോലുള്ള ബഹുമുഖ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും യുഎൻ മേധാവി ആഹ്വാനം ചെയ്തു .

Tags:    

Similar News