ചൈനീസ് കയറ്റുമതില്‍ അപ്രതീക്ഷിത കുതിച്ചുചാട്ടം
- വ്യാപാര മിച്ചത്തില്‍ 82.3% വളർച്ച
- വരുമാസങ്ങളില്‍ കയറ്റുമതി കുറഞ്ഞേക്കും
- ഇറക്കുമതിയില്‍ പ്രകടമായത് ഇടിവ്
ചൈനയുടെ കയറ്റുമതിയില്‍ ഏപ്രിലിൽ പ്രകടമായത് മികച്ച വര്‍ധന. ആഗോള ഡിമാൻഡ് ദുർബലമായിട്ടും 8.5% എന്ന അപ്രതീക്ഷിത വളര്‍ച്ചയാണ് കയറ്റുമതിയില്‍ ഉണ്ടായതെന്ന് ഇന്നതെ പുറത്തുവിട്ട കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നു. ഏപ്രിലില്‍ കയറ്റുമതി 295.4 ബില്യൺ ഡോളറിലേക്ക് വളർന്നു. മാർച്ചില്‍ രേഖപ്പെടുത്തിയ 14.8% കയറ്റുമതി വളര്‍ച്ചയുടെ തുടര്‍ച്ചയാണ് ഏപ്രിലിലും പ്രകടമായത്. വരു മാസങ്ങളില്‍ കയറ്റുമതി കുറഞ്ഞേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഇറക്കുമതിയില്‍ കൂടുതല്‍ ആഴത്തിലുള്ള ഇടിവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിലെ അപേക്ഷിച്ച് 7.9% ഇടിവോടെ ഇറക്കുമതി 205.2 ബില്യൺ ഡോളറായി. മാർച്ചിൽ ഇത് 1.4% ഇടിവാണ് ഇറക്കുമതിയില്‍ പ്രകടമായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്. യുഎസുമായും യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരം ഇടിവ് പ്രകടമാക്കുന്നു.
ഏപ്രിലിൽ ചൈനയുടെ വ്യാപാര മിച്ചം വർധിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 82.3% വളർച്ചയാണ് ഉണ്ടായത്. വർഷത്തിലെ ആദ്യ നാല് മാസങ്ങളിലെ കയറ്റുമതി 2022ലെ സമാന കാലയളവിനെ അപേക്ഷിച്ച് 2.5% വർധിച്ച് 1.12 ട്രില്യൺ ഡോളറിലെത്തി. മൊത്തം ഇറക്കുമതി ഇക്കാലയളവില്‍ 7.3 ശതമാനം കുറഞ്ഞ് 822 ബില്യൺ ഡോളറിലെത്തി. എന്നിരുന്നാലും, ഈ വർഷം മൊത്തത്തില്‍ കയറ്റുമതി ദുർബലമാകുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
ഫെഡറൽ റിസർവും യൂറോപ്പിലെയും ഏഷ്യയിലെയും കേന്ദ്ര ബാങ്കുകളും പലിശനിരക്ക് ഉയർത്തിയതിനെത്തുടർന്ന് ആഗോള ഉപഭോക്തൃ ആവശ്യകത ദുർബലമായി. പണപ്പെരുപ്പം പതിറ്റാണ്ടുകള്‍ക്കിടയിലെ ഉയര്‍ന്ന തലത്തിലേക്ക് എത്തിയതോടെയാണ് കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതിലേക്ക് നീങ്ങിയത്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയും ചൈനീസ് ഫെഡറേഷൻ ഫോർ ലോജിസ്റ്റിക്സ് ആൻഡ് പർച്ചേസിംഗും നടത്തിയ സർവേ പ്രകാരം പുതിയ ഓർഡറുകളും കയറ്റുമതി ഓർഡറുകളും മുൻ മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ കുറഞ്ഞുവെന്ന് ചൈനീസ് മാനുഫാക്ചേര്‍സ് പറയുന്നു. ഈ വര്‍ഷം 5 % സാമ്പത്തിക വളര്‍ച്ചയാണ് ചൈന ലക്ഷ്യം വെക്കുന്നത്. മാര്‍ച്ചിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ 6 % വളര്‍ച്ച വരെ സാധ്യമായേക്കുമെന്ന് ചില അനലിസ്റ്റുകള്‍ ഇപ്പോള്‍ വിലയിരുത്തുന്നുണ്ട്.
യുഎസിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വർഷം സമാന കാലയളവിവെ അപേക്ഷിച്ച് 6.5% കുറഞ്ഞ് ഏപ്രിലില്‍ 43 ബില്യൺ ഡോളറിലെത്തി, ഇറക്കുമതി ഏപ്രിലിൽ 2.9% ഇടിഞ്ഞ് 13.3 ബില്യൺ ഡോളറായി. യുഎസുമായുള്ള ചൈനയുടെ വ്യാപാര മിച്ചം 7% കുറഞ്ഞ് 29.7 ബില്യൺ ഡോളറായി.
യൂറോപ്പുമായുള്ള വ്യാപാരവും ചുരുങ്ങി. യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി ഏപ്രിലിൽ 17.7% കുറഞ്ഞ് 44.7 ബില്യൺ ഡോളറായി. ഇറക്കുമതി 38.6% ചുരുങ്ങി 23.4 ബില്യൺ ഡോളറായി. അതേസമയം, യൂറോപ്യൻ യൂണിയനുമായുള്ള ചൈനയുടെ വ്യാപാര മിച്ചം 31.5% വർധിച്ച് 21.3 ബില്യൺ ഡോളറിലെത്തി.
