സിഖ് വിഘടനവാദിയെ വധിക്കാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

ആഗോളതലത്തില്‍ എയര്‍ ഇന്ത്യയെ ഓപ്പറേറ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്നു അടുത്തിടെ പന്നൂന്‍ ഭീഷണിപ്പെടുത്തിയിരുന്നു.

Update: 2023-11-23 07:28 GMT

സിഖ് വിഘടനവാദി ഗുര്‍പത് വന്ത് സിംഗ് പന്നുവിനെ അമേരിക്കയില്‍ വച്ചു വധിക്കാനുള്ള ഇന്ത്യയുടെ ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്നു നവംബര്‍ 22-ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് ഫിനാന്‍ഷ്യല്‍ ടൈംസ്.

സംഭവത്തില്‍ ന്യൂഡല്‍ഹിക്കു വാഷിംഗ്ടണ്‍ മുന്നറിയിപ്പ് നല്‍കിയെന്നുമാണു ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയ്ക്കു നല്‍കിയ നയതന്ത്ര മുന്നറിയിപ്പിനു പുറമെ, യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ന്യൂയോര്‍ക്ക് ജില്ലാ കോടതിയില്‍ ഗൂഢാലോചന നടത്തിയതായി ആരോപിക്കപ്പെടുന്ന ഒരാള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

കുറ്റപത്രം പിന്‍വലിക്കണോ അതോ നിയമനടപടിയുമായി മുന്നോട്ടുപോകണോ എന്നു യുഎസ് നീതി ന്യായ വകുപ്പ് ചര്‍ച്ച ചെയ്യുന്നുണ്ട്.

സിഖ് തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിനെ കുറിച്ചു

കാനഡ അന്വേഷണം പൂര്‍ത്തിയാക്കുന്നതു വരെ കാത്തിരിക്കാനാണു യുഎസ് തീരുമാനിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.

സംഭവത്തില്‍ ന്യൂഡല്‍ഹി ആശ്ചര്യവും ആശങ്കയും പ്രകടിപ്പിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിലുള്ള പ്രവര്‍ത്തനം തങ്ങളുടെ നയമല്ലെന്ന് ന്യൂഡല്‍ഹി പ്രസ്താവിച്ചതായും പത്രം പറയുന്നു.

അടുത്തിടെ യുഎസും ഇന്ത്യയും തമ്മില്‍ നടത്തിയ സുരക്ഷ സംബന്ധിച്ച ചര്‍ച്ചയില്‍ യുഎസ് ചില വിവരങ്ങള്‍ നല്‍കിയിരുന്നതായി ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയവും നവംബര്‍ 22ന് പറഞ്ഞു.

സംഘടിത കുറ്റവാളികളും തീവ്രവാദികളും ചേര്‍ന്ന ഒരു ' നെക്‌സസ് ' പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത്. എന്നാല്‍ ഈ ' നെക്‌സസ് ' എവിടെയാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പരാമര്‍ശിച്ചില്ല.

അമേരിക്കന്‍-കനേഡിയന്‍ പൗരത്വമുള്ള വ്യക്തിയാണു ഗുര്‍പത് വന്ത് സിംഗ് പന്നൂന്‍. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന കൂട്ടായ്മയുടെ ജനറല്‍ കൗണ്‍സലാണ്. സ്വതന്ത്ര ഖലിസ്ഥാനു വേണ്ടി വാദിക്കുന്ന യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് സിഖ് ഫോര്‍ ജസ്റ്റിസ്.

നവംബര്‍ 19 നും അതിനുശേഷവും എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പറക്കരുതെന്നു പന്നൂന്‍ അടുത്തിടെ സിഖുകാരോട് ആവശ്യപ്പെട്ടിരുന്നു. ആഗോളതലത്തില്‍ എയര്‍ ഇന്ത്യയെ ഓപ്പറേറ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പന്നൂന്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഖലിസ്ഥാന്‍ തീവ്രവാദി നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു ബന്ധമുണ്ടെന്നു സമീപകാലത്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. സംഭവത്തില്‍ കാനഡയ്ക്കു വിശ്വസനീയ തെളിവുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നാണു ഗൂഢാലോചനയെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ലഭിച്ചതെന്നും പറയപ്പെടുന്നുണ്ട്.

Tags:    

Similar News