വിസാ നിയന്ത്രണം: യുഎസ് കമ്പനികള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റിയേക്കും
ട്രംപിന്റെ എച്ച്-1ബി വിസ നിയന്ത്രണ നടപടിയാണ് യുഎസ് കമ്പനികള്‍ക്ക് തിരിച്ചടിയായത്
പല യുഎസ് കമ്പനികളും അവരുടെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ഡൊണാള്‍ഡ് ട്രംപിന്റെ എച്ച്-1ബി വിസ നിയന്ത്രണ നടപടിയാണ് ഇതിനു കാരണമാകുക. ഈ മാറ്റം ധനകാര്യം മുതല്‍ ഗവേഷണം, വികസനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന ആഗോള ശേഷി കേന്ദ്രങ്ങളുടെ (ജിസിസി) വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും.
വിസ ഫീസുകളിലെ ഗണ്യമായ വര്‍ദ്ധനവാണ് യുഎസ് കമ്പനികള്‍ക്ക് തിരിച്ചടിയാകുക. കൂടിയേറ്റ വിരുദ്ധ നിലപാടുകളും കമ്പനികള്‍ക്ക് തിരിച്ചടിയാകും. ഇത് പല കമ്പനികളെയും അവരുടെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതിന് കാരണമാകും.
2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ 2,200 ലധികം കമ്പനികളുടെ ജിസിസികള്‍ നിലവിലുണ്ടാകും. ഇതിന്റെ വിപണിവലുപ്പം 100 ബില്യണ്‍ ഡോളറിനടുത്ത് എത്തുകയും ചെയ്യും.
ജിസിസികള്‍ വഴിയുള്ള ഉയര്‍ന്ന സേവന കയറ്റുമതി എച്ച്-1ബി വിസയെ ആശ്രയിക്കുന്ന ബിസിനസുകളില്‍ നിന്നുള്ള നഷ്ടമായ വരുമാനത്തെ ഒരു പരിധിവരെ നികത്തും. കാരണം യുഎസ് ആസ്ഥാനമായുള്ള സ്ഥാപനങ്ങള്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ മറികടന്ന് പ്രതിഭകളെ ഔട്ട്സോഴ്സ് ചെയ്യാന്‍ ശ്രമിക്കുന്നു.
ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 8% സംഭാവന ചെയ്യുന്ന 283 ബില്യണ്‍ ഡോളറിന്റെ ഐടി വ്യവസായങ്ങള്‍ക്ക് യുഎസിന്റെ വിസാ നയങ്ങള്‍ തിരിച്ചടിയാണ്. എന്നാല്‍ ജിസിസികള്‍വഴിയുള്ള സേവനങ്ങള്‍ ഈ തിരിച്ചടി കുറയ്ക്കാന്‍ സഹായിച്ചേക്കും.
യുഎസ് സ്ഥാപനങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഉല്‍പ്പന്ന വികസനം, സൈബര്‍ സുരക്ഷ, അനലിറ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട ഉയര്‍ന്ന നിലവാരമുള്ള ജോലികള്‍ അവരുടെ ഇന്ത്യ ജിസിസികളിലേക്ക് മാറ്റുമെന്ന് വ്യവസായ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
ഔട്ട്സോഴ്സിംഗിനേക്കാള്‍ തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ ഇന്‍ഹൗസായി നിലനിര്‍ത്താന്‍ തിരഞ്ഞെടുക്കുന്നു.
ചില സ്ഥാപനങ്ങള്‍ അവരുടെ തൊഴില്‍ ശക്തിയുടെ ആവശ്യങ്ങള്‍ പുനര്‍നിര്‍ണയിക്കുമ്പോള്‍, മറ്റുചിലര്‍ 'വെയിറ്റ് ആന്‍ഡ് വാച്ച്' സമീപനമാണ് സ്വീകരിക്കുന്നത്. കാരണം വിദേശ ഔട്ട്സോഴ്സിംഗ് ജോലികള്‍ക്ക് 25% നികുതി ചുമത്താന്‍ കഴിയുന്ന നിയമം യുഎസിന്റെ പരിഗണനയിലാണ്. ഇത് ഒഴിവാക്കാനും അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ യുഎസ് ഒഴികെയുള്ള രാജ്യങ്ങളിലേക്ക് മറ്റ് രാജ്യങ്ങളിലെ കേന്ദ്രങ്ങളില്‍നിന്ന് സേവനം നല്‍കാന്‍ സാധിക്കും.
