യാത്രക്കാരന്‍ പുകവലിച്ചു; വന്ദേഭാരത് നിന്നു, വൈകിയോടിയത് 15 മിനിറ്റ്

  • കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് നിന്നത് തിക്കോടിക്ക് സമീപം
  • ട്രയിനുളളില്‍ സ്മോക്ക് ഡിറ്റക്‌ഷൻ സെൻസറുകള്‍ ഉണ്ട്
  • ശുചിമുറിയില്‍ മദ്യവും സിഗരറ്റും ഉപയോഗിച്ചെന്ന് പ്രാഥമിക നിഗമനം

Update: 2023-11-29 07:30 GMT

യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന്‍ വൈകിയോടി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് യാത്രക്കാരന്‍ ട്രയിനുളളില്‍ പുകവലിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് കാസര്‍കോട് തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ നിന്നത്. തിക്കോടിക്ക് അടുത്താണ് സംഭവം.

മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരെത്തി എഫ്.ഡി.എസ്. സംവിധാനത്തിലെ പാനല്‍ മാറ്റിയതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ഇതോടെ ട്രെയിന്‍ പതിനഞ്ച് മിനിറ്റ് വൈകിയാണ് കോഴിക്കോട്ട് എത്താന്‍ കഴിഞ്ഞത്. വടകരയില്‍ വെച്ച്, ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനാണ് ശുചിമുറിയില്‍ കയറി മദ്യവും സിഗരറ്റും ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. മെക്കാനിക്കല്‍ വിഭാഗം ആര്‍പിഎഫിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ മാസം തിരൂര്‍, പട്ടാമ്പി പള്ളിപ്പുറം എന്നിവിടങ്ങളിലും യാത്രക്കാരന്‍ ഇത്തരത്തില്‍ പുകവലിച്ചതിനെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന്‍ നിന്നിരുന്നു. പുകവലിച്ചവരില്‍ നിന്ന് പിഴയും ഈടാക്കിയിരുന്നു.

വന്ദേഭാരത് ട്രയിനുളളില്‍  നിരവധി ഇടങ്ങളില്‍ സ്മോക്ക് ഡിറ്റക്‌ഷൻ സെൻസറുകള്‍ ഉണ്ട്. കോച്ച്, യാത്രക്കാർ കയറുന്ന സ്ഥലം, ടോയിലറ്റ് തുടങ്ങിയ ഇടങ്ങളിലാണ് ഈ സെൻസറുകള്‍. അന്തരീക്ഷത്തിലെ പുകയുടെ അളവ് ഈ സെൻസറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അളവില്‍ കൂടുതല്‍ പുക ഉയര്‍ന്നാൽ അവ ഓണാകും. ലോക്കോ കാബിൻ ഡിസ്‌പ്ലേയിൽ അലാറം മുഴങ്ങും.  എവിടെനിന്നാണ് പുക വരുന്നതെന്നും ലോക്കോ പൈലറ്റിന് മുന്നിലെ സ്‌ക്രീനിൽ തെളിയും.

അലാറം മുഴങ്ങിയാൽ ട്രെയിൻ ഉടൻ നിർത്തണമെന്നാണ് നിയമം. റെയിൽവേയുടെ സാങ്കേതികവിഭാഗം ജീവനക്കാർ ഇത് കണ്ടെത്തി തീ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വേണം ഉറപ്പുവരുത്തല്‍. എങ്കിൽ മാത്രമേ ലോക്കോ പൈലറ്റ് വീണ്ടും ട്രെയിൻ സ്റ്റാർട്ട് ചെയ്യുകയുള്ളൂ.

Tags:    

Similar News