വൊഡാഫോണ്‍ ഐഡിയ ഓഹരി തുടര്‍ച്ചയായി ആറാം സെഷനിലും മുന്നേറി

107.36 ശതമാനത്തിന്റെ വര്‍ധനയാണു കഴിഞ്ഞ ആറ് മാസത്തിനിടെ ഈ ഓഹരിക്കുണ്ടായത്

Update: 2023-11-03 09:27 GMT

തുടര്‍ച്ചയായി ആറാം സെഷനിലും മുന്നേറ്റം പ്രകടിപ്പിച്ചിരിക്കുകയാണ് വൊഡാഫോണ്‍ ഐഡിയ ഓഹരികള്‍. നവംബര്‍ 3ന് ഓഹരി വില 4.51 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 14.37 രൂപയിലെത്തി.

2023 മെയ് 3ന് 6.93 രൂപയായിരുന്നു ഈ ഓഹരി വില. ഇതാണ് നവംബര്‍ 3 ന് 14.37 രൂപയിലെത്തിയത്. 107.36 ശതമാനത്തിന്റെ വര്‍ധനയാണു കഴിഞ്ഞ ആറ് മാസത്തിനിടെ ഈ ഓഹരിക്കുണ്ടായത്.

ഈ വര്‍ഷം മാര്‍ച്ച് 31നാണ് ഏറ്റവും താഴ്ന്ന നിലയായ 5.70 രൂപയിലെത്തിയത്. വൊഡാഫോണ്‍ ഐഡിയ പുതിയ സേവനങ്ങള്‍ ആരംഭിക്കുന്നുവെന്ന വാര്‍ത്തയാണ് ഓഹരി മുന്നേറാന്‍ കാരണമായത്. അതോടൊപ്പം എച്ച്ഡിഎഫ്‌സി ബാങ്ക് വൊഡാഫോണ്‍ ഐഡിയയ്ക്ക് 2000 കോടി രൂപ വായ്പ നല്‍കുന്നതും ഓഹരിക്കു ഗുണം ചെയ്തു.

സ്‌പെക്ട്രം ലൈസന്‍സ് ഫീസ് കുടിശ്ശിക നല്‍കുന്നതിനും 5ജി സ്‌പെക്ട്രം പേയ്‌മെന്റ് ബാധ്യതകള്‍ തീര്‍ക്കുന്നതിനുമാണു എച്ച്ഡിഎഫ്‌സി ബാങ്ക് രണ്ട് വര്‍ഷത്തെ കാലാവധിയില്‍ വായ്പ നല്‍കുന്നത്.

ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിനായി യൂ ബ്രോഡ്ബാന്‍ഡുമായി ചേര്‍ന്നു വിഐ വണ്‍ എന്ന പുതിയ പദ്ധതി 12 നഗരങ്ങളില്‍ ആരംഭിച്ചു. ഇതു കൂടുതല്‍ നഗരങ്ങളിലേക്കും സര്‍ക്കിളുകളിലേക്കും വ്യാപിപ്പിക്കാന്‍ പോവുകയാണ്.

Tags:    

Similar News