പെട്രോളിയം ക്രൂഡിന്‍റെ വിന്‍ഡ്‍ഫാള്‍ നികുതി എടുത്തുകളഞ്ഞു

  • കയറ്റുമതി നിയന്ത്രിക്കുന്നതിനാണ് പ്രത്യേക നികുതി ചുമത്തിയിരുന്നത്
  • ടണ്ണിന് 4,100 രൂപ എന്നതില്‍ നിന്ന് പൂജ്യത്തിലേക്ക്
  • നികുതിയിലെ പരിഷ്കരണം രണ്ടാഴ്ച കൂടുമ്പോള്‍

Update: 2023-05-16 04:35 GMT

പെട്രോളിയം ക്രൂഡിന്റെ വിൻഡ് ഫാൾ നികുതി എടുത്തുകളഞ്ഞതായി കേന്ദ്ര സർക്കാര്‍ വിജ്ഞാപനത്തിലൂടെ അറിയിച്ചു. ചൊവ്വാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. ടണ്ണിന് 4,100 രൂപ എന്ന നിലയിലായിരുന്നു കയറ്റുമതിയെ നിരുത്സാഹപ്പെടുത്തുന്നതിനുള്ള പ്രത്യേക നികുതി ചുമത്തിയിരുന്നത്. പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം എന്നിവയുടെ വിൻഡ് ഫാൾ ടാക്‌സ് സർക്കാർ പൂജ്യമാക്കിയെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ സർക്കാർ രണ്ടാഴ്ചയിലൊരിക്കലാണ് ഈ നികുതി നിരക്കുകൾ പരിഷ്കരിക്കുന്നത്.

മെയ് 1 ന് സർക്കാർ പെട്രോളിയം ക്രൂഡിന്റെ വിൻഡ് ഫാൾ ടാക്സ് ടണ്ണിന് 6,400 രൂപയിൽ നിന്ന് 4,100 രൂപയായി (50.14 ഡോളർ) കുറച്ചിരുന്നു. ഇതിനു മുമ്പ് ഏപ്രിൽ 19 ന് ക്രൂഡിന്റെ ലെവി ടണ്ണിന് 6,400 രൂപയായി ഉയർത്തി. ഇതിനൊപ്പം ഡീസലിന്‍റെ കയറ്റുമതി തീരുവ എടുത്തുമാറ്റുകയും ചെയ്തു. ഏപ്രിൽ 4 ന് ടണ്ണിന് 3,500 രൂപ എന്നതില്‍ നിന്ന് പൂജ്യത്തിലേക്ക് പെട്രോളിയം ക്രൂഡിന്‍റെ വിന്‍ഡ്‍ഫാള്‍ ടാക്സ് കുറച്ചിരുന്നു.

കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യ ക്രൂഡ് ഓയിൽ നിർമ്മാതാക്കൾക്ക് വിൻഡ്‌ഫാൾ നികുത് ചുമത്തിയത്. ഗ്യാസോലിൻ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതിയുടെ ലെവിയും അന്ന് വര്‍ധിപ്പിച്ചിരുന്നു. ആഭ്യന്തര വില്‍പ്പനയേക്കാള്‍ വിദേശ വിപണികളില്‍ ലഭ്യമായി മികച്ച റിഫൈനിംഗ് മാർജിന്‍ ലക്ഷ്യമിടുന്നതിന് കൂടുതല്‍ സ്വകാര്യ കമ്പനികള്‍ ശ്രമിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഒരു നിശ്ചിത പരിധിക്ക് മുകളില്‍ റിഫൈനറികള്‍ക്ക് ലഭിക്കുന്ന വിലയുടെ അടിസ്ഥാനത്തിലാണ് വിന്‍ഡ്‍ഫാള്‍ നികുതി കണക്കാക്കുന്നത്.

നേരത്തെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചത് സർക്കാരിന്‍റെ വരുമാനത്തില്‍ വരുത്തുന്ന വിടവ് നികത്താന്‍ കയറ്റുമതിക്ക് ചുമത്തുന്ന ലെവി സഹായിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ വിൻഡ് ഫാൾ സെസ് കുറച്ചത് സർക്കാരിന്റെ വരുമാനത്തിന് ക്ഷതമേല്‍പ്പിച്ചേക്കും. സ്വകാര്യ റിഫൈനർമാരായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും നയാര എനർജിയുമാണ് ഡീസൽ, എടിഎഫ് തുടങ്ങിയ ഇന്ധനങ്ങള്‍ പ്രധാനമായും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. ആഭ്യന്തര ക്രൂഡിനു മേല്‍ ചുമത്തുന്ന ലെവി പ്രധാനമായും ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി), വേദാന്ത ലിമിറ്റഡ് തുടങ്ങിയ ഉൽപ്പാദകരെയാണ് ബാധിക്കുക.

Tags:    

Similar News