യുഎസിലേക്ക് വിദേശികളുടെ വരവ് കുറയുന്നു
യുഎസ് തൊഴില്‍ വിപണിയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് ഫെഡ് മുന്നറിയിപ്പ്
ഈ വര്‍ഷം അമേരിക്കയിലേക്കുള്ള അന്താരാഷ്ട്ര കുടിയേറ്റം കുത്തനെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്തെ തൊഴില്‍ ശക്തി വളര്‍ച്ചയെ മന്ദഗതിയിലാക്കുമെന്ന് റിപ്പോര്‍ട്ട്. 2024-ല്‍ കുടിയേറ്റം 2.2 ദശലക്ഷമായിരുന്നെന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2025-ല്‍ മൊത്തം കുടിയേറ്റം ഏകദേശം 5,00,000 ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനധികൃത കുടിയേറ്റം കുറയുന്നതും നാടുകടത്തല്‍ വര്‍ദ്ധിക്കുന്നതും കാരണം വിദേശ തൊഴിലാളികളുടെ എണ്ണം കുറയാനാണ് സാധ്യത.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, കുടിയേറ്റ രീതികളിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം യുഎസ് ജനസംഖ്യയില്‍ ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. വിദേശ തൊഴിലാളി ജനസംഖ്യയില്‍ തുടര്‍ച്ചയായ കുറവുണ്ടാകുന്നതിനെക്കുറിച്ചും വരും വര്‍ഷങ്ങളില്‍ മന്ദഗതിയിലുള്ള തൊഴില്‍ ശക്തി വളര്‍ച്ചയ്ക്കുള്ള സാധ്യതയെക്കുറിച്ചും ഈ കണ്ടെത്തലുകള്‍ ആശങ്ക ഉയര്‍ത്തുന്നു.
2025 ല്‍ 2,85,000 ആയി കണക്കാക്കപ്പെടുന്ന ആഭ്യന്തര നാടുകടത്തലുകളും മൊത്തം കുടിയേറ്റം കുറയുന്നതിന് കാരണമായി. 2023-24 കാലഘട്ടത്തിലെ കുടിയേറ്റ കുതിച്ചുചാട്ടം താല്‍ക്കാലികമായി തൊഴില്‍ വിതരണത്തെ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ നിലവിലെ കുടിയേറ്റ നിലവാരം തുടര്‍ന്നാല്‍ ഈ പ്രഭാവം നിലനില്‍ക്കില്ലെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ഫെഡ് മുന്നറിയിപ്പ് നല്‍കുന്നു. 2040 ആകുമ്പോഴേക്കും, തൊഴില്‍ സേനയിലേക്ക് സ്വദേശികളായ വംശജര്‍ പ്രതിവര്‍ഷം 4.2 ദശലക്ഷത്തില്‍ നിന്ന് 3.6 ദശലക്ഷമായി കുറയുമെന്ന് പ്രവചനങ്ങള്‍ വ്യക്തമാക്കുന്നു.
കുടിയേറ്റം കുറയുന്നത് സമ്പദ്വ്യവസ്ഥയില്‍ സമ്മിശ്ര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. സേവന മേഖലയിലെ പണപ്പെരുപ്പത്തിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിച്ചേക്കാമെങ്കിലും, അത് തൊഴില്‍ വിതരണത്തെ പരിമിതപ്പെടുത്തുകയും മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യും. 2025 ലെ മൊത്തം പ്രൈം-ഏജ് തൊഴില്‍ സേന വളര്‍ച്ച മുന്‍കാല പ്രവചനങ്ങളെ അപേക്ഷിച്ച് 0.8 ശതമാനം പോയിന്റ് കുറവായിരിക്കുമെന്നും ജനുവരിയിലെ പ്രവചനങ്ങളെ അപേക്ഷിച്ച് ഓരോ മാസവും ഏകദേശം 68,000 തൊഴിലാളികളുടെ കുറവ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
