ജപ്പാന്‍ യാത്രയും ചെലവേറിയതാകും; വിസഫീസ് വര്‍ദ്ധിപ്പിക്കാന്‍ ആലോചന

1970 കളുടെ അവസാനം മുതല്‍ വിസ നിരക്കുകളില്‍ ജപ്പാന്‍ വലിയ മാറ്റം വരുത്തിയിരുന്നില്ല

Update: 2025-10-21 11:36 GMT

വിദേശ സന്ദര്‍ശകര്‍ക്കുള്ള വിസ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ജപ്പാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. അതിനാല്‍ ജപ്പാന്‍ ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് കൂടുതല്‍ ചെലവേറിയ സ്ഥലമായി മാറിയേക്കാം.

1970 കളുടെ അവസാനം മുതല്‍ വലിയ മാറ്റമില്ലാതെ തുടരുന്ന വിസ നിരക്കുകള്‍ രാജ്യം പുനഃപരിശോധിക്കുകയാണെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രി തകേഷി ഇവായ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

'ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല, പക്ഷേ ഇന്‍ബൗണ്ട് ടൂറിസത്തില്‍ ഉണ്ടായേക്കാവുന്ന ആഘാതം ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങള്‍ ഞങ്ങള്‍ പരിഗണിക്കുന്നുണ്ട്,' ജാപ്പനീസ് വാര്‍ത്താ ഏജന്‍സിയായ ക്യോഡോ ന്യൂസ് മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

'മറ്റ് രാജ്യങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് ഞങ്ങള്‍ പരിശോധിക്കും. നിലവില്‍ ജപ്പാനിലെ ഫീസ് വളരെ കുറവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു' ഇവായ പറഞ്ഞു.

1978 മുതല്‍ ജപ്പാനിലേക്കുള്ള സിംഗിള്‍ എന്‍ട്രി വിസയുടെ നിരക്ക് ഏകദേശം 3000 യെന്‍ ആയി തുടരുന്നു. ഇത് ഏകദേശം1700 രൂപയ്ക്ക് തുല്യമാണ്.

അതേസമയം മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ഏകദേശം 6,000 യെന്‍ (ഏകദേശം 3,500 രൂപ) ആണ്. രണ്ടും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലെയും വിസ ഫീസിനേക്കാള്‍ വളരെ കുറവാണ്.

ജപ്പാനിലെ വിനോദസഞ്ചാരം കുതിച്ചുയരുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വിദേശ സന്ദര്‍ശകരുടെ എണ്ണം 17.7 ശതമാനം വര്‍ധിച്ച് 31.65 ദശലക്ഷമായി ഉയര്‍ന്നതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് പറയുന്നു.

യെന്‍ കറന്‍സിയുടെ മൂല്യം കുറയുന്നതും ചൈനീസ് വിനോദസഞ്ചാരികളുടെ വരവിലെ വര്‍ധനവും കാരണം വാര്‍ഷിക കണക്ക് 40 ദശലക്ഷം കവിയുമെന്ന് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നു.

ഉയര്‍ന്ന വിസ ഫീസ് അമിത ടൂറിസത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന്, സര്‍ക്കാര്‍ അതിന്റെ ഫലം ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുമെന്ന് ഇവായ പറഞ്ഞു. 

Tags:    

Similar News