ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുഎസിനോട് പ്രിയം

വിസാ നിയമങ്ങള്‍ കര്‍ശനമാക്കിയെങ്കിലും വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തുടരുന്നു

Update: 2025-11-18 13:01 GMT

യുഎസ് യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. യുഎസ് വിസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും പ്രോസസ്സിംഗ് സമയം വര്‍ധിക്കുകയും ചെയ്യുമ്പോഴും, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തുടരുകയാണ്. അമേരിക്കന്‍ കോളേജുകളിലേക്കും സര്‍വകലാശാലകളിലേക്കും എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ ഇന്ത്യക്കാരാണ് മുമ്പില്‍.

ഓപ്പണ്‍ ഡോര്‍സ് 2025 റിപ്പോര്‍ട്ട് പ്രകാരം, 2024-25 അധ്യയന വര്‍ഷത്തില്‍ യുഎസ് കാമ്പസുകളില്‍ 1.2 ദശലക്ഷം (1,177,766) അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ശതമാനം വര്‍ധനവാണ്. യുഎസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ ആറ് ശതമാനം ഇപ്പോള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ്. ഈ വിദ്യാര്‍ത്ഥികള്‍ യുഎസ് സമ്പദ് വ്യവസ്ഥയിലേക്ക് നല്‍കുന്ന സംഭാവനകളും വളരെ വലുതാണ്. 2024-ല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുഎസ് സമ്പദ്വ്യവസ്ഥയിലേക്ക് ഏകദേശം 55 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കുകയും 3,55,000-ത്തിലധികം ജോലികളെ പിന്തുണയ്ക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിനായുള്ള ലോകത്തിലെ മുന്‍നിര ലക്ഷ്യസ്ഥാനമായി യുഎസ് തുടരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 57 ശതമാനത്തിലധികം പേരും സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് മേഖലകളാണ് തിരഞ്ഞെടുത്തത്. വിസ അഭിമുഖങ്ങളിലെ കാലതാമസം, ഉയര്‍ന്ന വിസ നിരസിക്കല്‍ നിരക്ക്, കര്‍ശനമായ രേഖാ പരിശോധന തുടങ്ങിയ ആശങ്കകള്‍ക്കിടയിലും ഇന്ത്യയില്‍ നിന്ന് 3,63,019 വിദ്യാര്‍ത്ഥികള്‍ യുഎസിലേക്ക് എത്തി. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധനവാണ്. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചൈനയാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്.

Tags:    

Similar News