വിസ അപ്പീലുകള്‍ ജര്‍മ്മനി അവസാനിപ്പിക്കുന്നു; ഇന്ത്യാക്കാര്‍ക്ക് നേട്ടം

  • ജൂലൈ ഒന്നുമതല്‍ നടപടി പ്രാവര്‍ത്തികമാകും
  • വിസ അനുവദിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി സഹായിക്കും

Update: 2025-05-21 09:26 GMT

ജര്‍മ്മനി നിലവിലുള്ള വിസ അപ്പീല്‍ പ്രക്രിയ നിര്‍ത്തലാക്കുന്നു. ഈ വര്‍ഷം ജൂലൈ 1 മുതലാണ് നടപടി പ്രാവര്‍ത്തികമാകുക. ഇത് ഇന്ത്യാക്കാര്‍ക്കും മലയാളികള്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്ന തീരുമാനമായി വിലയിരുത്തപ്പെടുന്നു.

പുതിയ പ്രക്രിയ പ്രകാരം വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് വിസ തീരുമാനങ്ങള്‍ വേഗത്തിലാകും.കാനഡ വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന രാജ്യമാണ് ജര്‍മ്മനി. പ്രത്യേകിച്ച് മലയാളി വിദ്യാര്‍ത്ഥികള്‍ വളരെ മുന്‍പുമുതല്‍ ജര്‍മ്മനിയെ പ്രിയ രാജ്യമായി തെരഞ്ഞെടുത്തിരുന്നു. ഇവര്‍ വിസക്കായി പലപ്പോഴും ദീര്‍ഘകാല കാത്തിരിപ്പാണ് നേരിട്ടിരുന്നത്. ചിലപ്പോള്‍ വ്യക്തമല്ലാത്ത നിരസിക്കലും സംഭവിച്ചിരുന്നു.

ഫെഡറല്‍ ഫോറിന്‍ ഓഫീസിന്റെ തീരുമാനത്തിന് ശേഷം ഇന്ത്യയിലെ ജര്‍മ്മന്‍ മിഷനുകളാണ് ഈ പ്രഖ്യാപനം നടത്തിയത്. കോടതിയില്‍ പോകാതെ തന്നെ കോണ്‍സുലേറ്റില്‍ നേരിട്ട് വിസ നിരസിക്കലിനെതിരെ അപ്പീല്‍ നല്‍കാന്‍ അപേക്ഷകരെ ഈ പ്രക്രിയ അനുവദിച്ചിരുന്നു. ഇപ്പോള്‍, ആ ഓപ്ഷന്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുകയാണ്.

ഈ നടപടിക്രമം നിര്‍ത്തലാക്കുന്നതിലൂടെ നിയമപ്രകാരമുള്ള ജുഡീഷ്യല്‍ അവലോകനം പരിമിതപ്പെടുത്തില്ലെന്നും നിയമപരമായ പരിരക്ഷകള്‍ ഇപ്പോഴും ലഭ്യമാണെന്നും ഇന്ത്യയിലെ ജര്‍മ്മന്‍ മിഷനുകള്‍ പറഞ്ഞു.

ചില സന്ദര്‍ഭങ്ങളില്‍ ഇന്ത്യന്‍ അപേക്ഷകര്‍ക്ക് ഏകദേശം ഒമ്പത് മാസങ്ങള്‍വരെ വിസക്കായി കാത്തിരിക്കണമായിരുന്നു.ഇപ്പോള്‍ ഇത് കുറച്ച് ദിവസത്തേക്ക് മാത്രമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

കുറഞ്ഞ കാത്തിരിപ്പ് കാലയളവ്, ടേം ആരംഭ തീയതികള്‍ക്ക് സമീപം അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജോലി സമയപരിധികള്‍ കര്‍ശനമായി കൈകാര്യം ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും സഹായകരമാകും.

ഷെങ്കന്‍, ദേശീയ വിസ വിഭാഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുത്ത കോണ്‍സുലേറ്റുകളില്‍ 2023 ജൂണ്‍ 1 മുതല്‍ ജര്‍മ്മനി ഈ സംവിധാനം പരീക്ഷിച്ചുകൊണ്ടിരുന്നതാണ്. ഇതിന്‍പ്രകാരം പ്രോസസ്സ് ചെയ്ത അപേക്ഷകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

വിസ അപേക്ഷ നിരസിക്കപ്പെട്ട ആര്‍ക്കും നിയന്ത്രണങ്ങളില്ലാതെ ഇപ്പോള്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കോടതിയില്‍ പോകണമെങ്കില്‍ അതും സാധ്യമാണ്.

ഈ വര്‍ഷം ജനുവരി 1 മുതല്‍, ജര്‍മ്മനി ദേശീയ വിസകള്‍ക്കായി ഒരു ഓണ്‍ലൈന്‍ വിസ അപേക്ഷാ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇത് വിദഗ്ധ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, അപ്രന്റീസുകള്‍, കുടുംബ പുനരേകീകരണത്തിന് അപേക്ഷിക്കുന്നവര്‍ എന്നിവരെ ഉള്‍ക്കൊള്ളുന്നു.കോണ്‍സുലര്‍ സര്‍വീസസ് പോര്‍ട്ടല്‍ അപേക്ഷകരെ നയിക്കുന്നതിനും പൂര്‍ണമായ രേഖാ സമര്‍പ്പണം ഉറപ്പാക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കും. 

Tags:    

Similar News