യുഎസ് പഠനമാണോ ലക്ഷ്യം? സൂക്ഷിക്കുക! ഇനി സോഷ്യല്‍ മീഡിയയും പരിശോധിക്കപ്പെടും
- വിദ്യാര്‍ത്ഥി വിസക്കായി പുതിയ അഭിമുഖങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
- ഇത് നടപ്പാക്കിയാല്‍ വിസ പ്രോസസിംഗ് കൂടുതല്‍ മന്ദഗതിയിലാകും
യുഎസ് പഠനം ലക്ഷ്യമിടുന്നുണ്ടോ? എങ്കില്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതുപോലും ഇനി സൂക്ഷിക്കേണ്ടി വരും. പുതിയ റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ പഠിക്കാന്‍ അപേക്ഷിക്കുന്ന എല്ലാ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെയും സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ട്രംപ് ഭരണകൂടം പരിഗണിക്കുകയാണ്.
ഈ പുതിയ ആവശ്യകതയ്ക്കായി തയ്യാറെടുക്കുന്നതിനായി, വിദ്യാര്‍ത്ഥി വിസ അപേക്ഷകര്‍ക്കായി പുതിയ അഭിമുഖങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് നിര്‍ത്താന്‍ ഭരണകൂടം യുഎസ് എംബസികളോടും കോണ്‍സുലാര്‍ ഓഫീസുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതി നടപ്പിലാക്കിയാല്‍, വിദ്യാര്‍ത്ഥി വിസ പ്രോസസ്സിംഗ് ഗണ്യമായി മന്ദഗതിയിലാകും. വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിക്കുന്ന സര്‍വകലാശാലകളെ അത് സാമ്പത്തികമായി ബാധിക്കുകയും ചെയ്യും.
കോണ്‍സുലാര്‍ വിഭാഗങ്ങള്‍ വിദ്യാര്‍ത്ഥി അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് വിസിറ്റര്‍ (എഫ്, എം, ജെ) വിസകള്‍ക്കായി പുതിയ അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ ചേര്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
ഗാസയിലെ ഇസ്രയേലിന്റെ നടപടിക്കെതിരായ പ്രതിഷേധങ്ങളില്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ഭരണകൂടം മുമ്പ് സോഷ്യല്‍ മീഡിയ സ്‌ക്രീനിംഗ് ആവശ്യകതകള്‍ ഏര്‍പ്പെടുത്തിയിരുന്നത്.
ഗുരുതരമായ പോസ്റ്റുകളോ, കമന്റുകളോ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് വിനയാകാം.
ഭരണകൂടം സര്‍വകലാശാലകളുടെ, പ്രത്യേകിച്ച് ഹാര്‍വാര്‍ഡ് പോലുള്ള ഉന്നത സ്ഥാപനങ്ങളുടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മെയ് 22 ന്, ട്രംപ് ഭരണകൂടം ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനുള്ള അംഗീകാരം പിന്‍വലിച്ചിരുന്നു. ഇത് നിലവില്‍ അവിടെ പഠിക്കുന്ന ആയിരക്കണക്കിന് വിദേശ വിദ്യാര്‍ത്ഥികളുടെ നിയമപരമായ നിലയെക്കുറിച്ച് അനിശ്ചിതത്വം സൃഷ്ടിച്ചു. അതേ ദിവസം തന്നെ, ബോസ്റ്റണിലെ ഒരു ഫെഡറല്‍ ജഡ്ജി ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞിരുന്നു.
